Skip to main content
മുംബൈ

ആദര്‍ശ് ഫ്ലാറ്റ് അഴിമതി അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ഭാഗികമായി അംഗീകരിക്കുന്നതായി മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ചവാന്റെ പ്രഖ്യാപനം. അനധികൃതമായി ഫ്ലാറ്റ് സ്വന്തമാക്കിയതായി കണ്ടെത്തിയ 25 പേര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ചാവാന്‍ പറഞ്ഞു.

 

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് തങ്ങളുടെ മുന്‍ നിലപാട് മഹാരാഷ്ട്ര സര്‍ക്കാര്‍ തിരുത്തുകയായിരുന്നു. ഡിസംബര്‍ 20-ന് നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ട് നിരാകരിക്കുന്നതായി കോണ്‍ഗ്രസ്-എന്‍.സി.പി നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ അന്ന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഡിസംബര്‍ 27-ന് വാര്‍ത്താസമ്മേളനത്തില്‍ തങ്ങളുടെ നിലപാട് പുന:പരിശോധിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് രാഹുല്‍ ഗാന്ധി പ്രസ്താവിക്കുകയായിരുന്നു.

 

മൂന്ന്‍ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരടക്കമുള്ളവരെ നിശിതമായി വിമര്‍ശിക്കുന്നതാണ് ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ജെ.എ പാട്ടീലിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ കമ്മീഷന്റെ റിപ്പോര്‍ട്ട്. ഇതില്‍ അന്തരിച്ച വിലാസ്റാവു ദേശ്മുഖും ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവര്‍ ഉള്‍പ്പെടും. അഴിമതി ആരോപണത്തെ തുടര്‍ന്ന്‍ സ്ഥാനം നഷ്ടപ്പെട്ട മുന്‍ മുഖ്യമന്ത്രി അശോക്‌ ചവാനെതിരെ സി.ബി.ഐ കേസ് എടുത്തിരുന്നെങ്കിലും വിചാരണ ചെയ്യാനുള്ള അനുമതി ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ നിഷേധിച്ചു.

 

ആദര്‍ശ് ഭവന സൊസൈറ്റിയിലെ 102 അംഗങ്ങളില്‍ അയോഗ്യരാണെന്ന് റിപ്പോര്‍ട്ട് കണ്ടെത്തിയ 25 പേരില്‍ യു.എസ്സില്‍ വിസ തട്ടിപ്പിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട് നയതന്ത്ര വിവാദത്തില്‍ ഉള്‍പ്പെട്ട ദേവയാനി ഖോബ്രഗഡേയും ഉള്‍പ്പെടും.