ഗോവയില്‍ ബലാല്‍സംഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തെഹല്‍ക്ക മാഗസിന്റെ മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തിങ്കളാഴ്ച ഫയലില്‍ സ്വീകരിച്ചു. ഇടക്കാല ജാമ്യം നല്കാന് വിസമ്മതിച്ച ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബഞ്ച് വിഷയത്തില്‍ നാലാഴ്ചയ്ക്കകം മറുപടി നല്കാന് ഗോവ സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു.
ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ബോംബെ ഹൈക്കോടതിയുടെ ഗോവ ബഞ്ചിന്റെ മാര്‍ച്ച് 14-ലെ വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് തേജ്പാല്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ ഗോവയിലെ ഒരു ഹോട്ടലില്‍ വെച്ചു നടന്ന പരിപാടിയ്ക്കിടെ തന്റെ കീഴില്‍ ജോലി ചെയ്യുന്ന മാദ്ധ്യമപ്രവര്‍ത്തകയെ തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ ലൈംഗികമായി പീഡിപ്പിക്കുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്തു എന്നതാണ് തേജ്പാലിനെതിരെയുള്ള കേസ്. നവബര്‍ 20-ന് അറസ്റ്റിലായ തേജ്പാല്‍ ഇപ്പോള്‍ ഗോവയിലെ വാസ്കോവിലുള്ള സാബ് ജയിലിലാണ് കഴിയുന്നത്.
152 പ്രോസിക്യൂഷന് സാക്ഷികളുള്ള കേസിന്റെ വിചാരണ നീളുമെന്ന് ചൂണ്ടിക്കാട്ടി കോടതി മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ അനുസരിച്ചു കൊള്ളാമെന്ന് പറഞ്ഞാണ് തേജ്പാല്‍ ഇടക്കാല ജാമ്യത്തിന് അപേക്ഷിച്ചത്. എന്നാല്‍, പ്രോസിക്യൂഷന്റെ ഭാഗം കേള്‍ക്കാതെ ജാമ്യം നല്‍കാനാകില്ല എന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെയാണ് തേജ്പാലിന് വേണ്ടി ഹാജരായത്.