മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ ഒരു ജഡ്ജി ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് ഗ്വാളിയോറില്‍ വനിതാ ജഡ്ജി രാജിവെച്ചു. ഗ്വാളിയോര്‍ അഡീഷണല്‍ സെഷന്‍സ് - ജില്ലാ ജഡ്ജിയാണ് രാജിവെച്ചത്. രാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര നിയമമന്ത്രി അടക്കമുള്ളവര്‍ക്ക് അയച്ച രാജിക്കത്തില്‍ ഹൈക്കോടതി അഡ്മിനിസ്ട്രേട്ടീവ് ജഡ്ജിയില്‍ നിന്നുണ്ടായ അതിക്രമങ്ങള്‍ അവര്‍ വിവരിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
സംഭവം നിര്‍ഭാഗ്യകരമാണെന്നും ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നും പരാതി മുന്നില്‍ വരുന്നതിനനുസരിച്ച് ആവശ്യമായ നടപടികള്‍ എടുക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ പ്രതികരിച്ചു.
തന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തതിനെ തുടര്‍ന്ന്‍ ഹൈക്കോടതിയിലെ അഡ്മിനിസ്ട്രേട്ടീവ് ജഡ്ജി കൂടിയായ അദ്ദേഹം വനിതാ ജഡ്ജിയെ സ്ഥലംമാറ്റിയതായും പരാതിയില്‍ പറയുന്നു. ജൂലൈ 15-നു രാജിവെച്ച അവര്‍ ആഗസ്ത് ഒന്നിന് സുപ്രീം കോടതി കൊളെജിയത്തിലെ ജഡ്ജിമാര്‍ക്കും മദ്ധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി അയച്ചിട്ടുണ്ട്.