Skip to main content
ബംഗലൂരു

mars orbiter mission

 

ഇന്ത്യയുടെ ചൊവ്വാ ഗ്രഹപഥ ദൗത്യം (മോം) ചൊവ്വാ ഗ്രഹത്തിന്റെ സ്വാധീന മേഖലയില്‍ പ്രവേശിച്ചു. തിങ്കളാഴ്ച രാവിലെ ഒന്‍പതിന് ചൊവ്വയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പേടകം ഉള്‍പ്പെട്ടതായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ) ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യന്‍ രാഷ്ട്രമാണ് ഇന്ത്യ.

 

മോം ഇപ്പോള്‍ സൂര്യന്റെ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുകയാണ്. സെപ്തംബര്‍ 24 ബുധനാഴ്ചയാണ് പേടകത്തിന്റെ ദൗത്യമായ ചൊവ്വയുടെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശനം. ഇതിനായുള്ള പഥത്തില്‍ മാറ്റം വരുത്തുന്ന നടപടികള്‍ തിങ്കളാഴ്ച ആരംഭിച്ചു. ഡിസംബര്‍ ഒന്നിന് സൂര്യന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതിന് ശേഷം നിര്‍ത്തിവെച്ചിരുന്ന ദ്രാവക ഇന്ധന എഞ്ചിനും ഉച്ച തിരിഞ്ഞ് 2.30ന് നാല് സെക്കണ്ട് നേരത്തേക്ക് പരീക്ഷണാര്‍ത്ഥം വിജയകരമായി വീണ്ടും പ്രവര്‍ത്തിപ്പിച്ചു.

 

യു.എസ് ബഹിരാകാശ സ്ഥാപനമായ നാസയുടെ ചൊവ്വാ പര്യവേഷണ വാഹനം മാവെന്‍ തിങ്കളാഴ്ച പുലര്‍ച്ചെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചിട്ടുണ്ട്. ചുവന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തെ കുറിച്ചുള്ള പഠനമാണ് ഈ പേടകത്തിന്റെ പ്രധാന ദൗത്യം.

 

ബുധനാഴ്ച രാവിലെ 7.30-നാണ് ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന്‍ 423 കിലോമീറ്റര്‍ അകലെ ഭ്രമണപഥത്തിലേക്ക് മോം പ്രവേശിക്കുക. ഭ്രമണപഥ പ്രവേശനം വിജയകരമായാല്‍ ആദ്യ ശ്രമത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തും.

 

2013 നവംബര്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന്‍ മോം വിക്ഷേപിച്ചത്. 450 കോടി രൂപയാണ് ചൊവ്വാദൗത്യത്തിനായി ഇന്ത്യ ചിലവഴിക്കുന്നത്. നാസയ്ക്ക് പുറമേ, റഷ്യ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി എന്നിവര്‍ മാത്രമാണ് ചൊവ്വാ പര്യവേഷണ ദൗത്യം നടത്തിയിട്ടുള്ളത്.