ഇന്ത്യയുടെ ചൊവ്വാ ഗ്രഹപഥ ദൗത്യം (മോം) ബുധനാഴ്ച പുലര്‍ച്ചെ 7.17-ന് ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ഒപ്പം, ആദ്യ ശ്രമത്തില്‍ തന്നെ ബഹിരാകാശ പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിക്കാന്‍ കഴിഞ്ഞ ഏകരാജ്യമായി ഇന്ത്യയും ചരിത്രം കുറിച്ചു.
നിര്‍ണ്ണായക മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആര്‍.ഒ) ബംഗലൂരുവിലെ കമാന്‍ഡ് സെന്ററില്‍ എത്തിയിരുന്നു. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച പ്രധാനമന്ത്രി വിജയം രാജ്യം മുഴുവന്‍ ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ശാസ്ത്രജ്ഞര്‍ക്ക് അനുമോദനങ്ങള്‍ നേര്‍ന്നു.
ചൊവ്വയിലേക്ക് ബഹിരാകാശ പേടകം അയക്കുന്ന നാലാമത്തെ ഏജന്‍സിയാണ് ഐ.എസ്.ആര്‍.ഒ. യു.എസ് ബഹിരാകാശ ഏജന്‍സി നാസ, റഷ്യ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി എന്നിവര്‍ മാത്രമാണ് ചൊവ്വാ പര്യവേഷണ ദൗത്യം നടത്തിയിട്ടുള്ളത്. ചൊവ്വയിലേക്കുള്ള 51 ദൗത്യങ്ങളില്‍ 21 എണ്ണം മാത്രമേ ഇതുവരെ വിജയിച്ചിട്ടുള്ളൂ എന്നത് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ നേട്ടത്തിന് മാറ്റുകൂട്ടുന്നു.
450 കോടി രൂപയാണ് ചൊവ്വാദൗത്യത്തിനായി ഇന്ത്യ ചിലവഴിക്കുന്നത്. ഇത് ഏറ്റവും ചെലവ് കുറഞ്ഞ ദൗത്യങ്ങളില്‍ ഒന്നാണ്. തിങ്കളാഴ്ച ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ച നാസയുടെ പേടകം മാവെന് യു.എസ് ചിലവഴിക്കുന്നതിന്റെ പത്തിലൊന്ന് മാത്രമാണ് മോമിനായി ഇന്ത്യയ്ക്ക് മുടക്കേണ്ടി വന്നത്.
ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന്‍ ഏകദേശം 500 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ ആറുമാസം വലംവയ്ക്കുന്ന പേടകം ഗ്രഹോപരിതലത്തിലും അന്തരീക്ഷത്തിലും ജീവന്റെ തെളിവുകള്‍ തേടും. ഇതിനായി അഞ്ച് ഉപകരണങ്ങള്‍ പേടകത്തില്‍ ഉണ്ട്.
2013 നവംബര്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന്‍ മോം വിക്ഷേപിച്ചത്. പത്ത് മാസം കൊണ്ട് 66.1 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയത്.