ബംഗലൂരുവില്‍ നഴ്സറി ക്ലാസിലെ മൂന്ന്‍ വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണം. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് ജോയന്റ് കമ്മീഷണര്‍ ഹേമന്ത് നിംബാല്‍ക്കര്‍ അറിയിച്ചു. നഗരത്തില്‍ കഴിഞ്ഞ നാല് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ബാലികമാരെ സ്കൂളില്‍ പീഡിപ്പിക്കുന്ന സംഭവം ഉണ്ടാകുന്നത്.
ചൊവ്വാഴ്ച സ്കൂളില്‍ നിന്ന്‍ അമ്മ കുട്ടിയെ കൊണ്ടുവന്നത് മുതല്‍ കുട്ടി കരയുകയും പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുകയുമായിരുന്നു. തന്നെ അടിച്ചുവെന്ന് പറഞ്ഞ കുട്ടിയുടെ വിശദീകരണത്തിലാണ് പീഡന വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അധ്യാപകരില്‍ ഒരാളാണ് പീഡിപ്പിച്ചതെന്ന് കുട്ടി പറഞ്ഞതായി പരാതിയില്‍ പറയുന്നു. കുട്ടിയില്‍ നിന്ന്‍ ബുധനാഴ്ച പോലീസ് വിവരങ്ങള്‍ ശേഖരിച്ചേക്കും.
പോലീസ് കമ്മീഷണര്‍ എം.എന്‍ റെഡ്ഡി സംഭവം നടന്ന ജലഹള്ളിയിലെ പ്രമുഖ സ്വകാര്യ സ്കൂള്‍ സന്ദര്‍ശിച്ചു. സ്റ്റാഫ് അംഗങ്ങളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അസിസ്റ്റന്റ് കമ്മീഷണര്‍ സാറ ഫാത്തിമയാണ് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്നത്.
എട്ടുവയസ്സുള്ള ഒരു പെണ്‍കുട്ടിയെ 63-കാരനായ അധ്യാപകന്‍ സ്കൂള്‍ പരിസരങ്ങളില്‍ വെച്ച് പീഡിപ്പിച്ച് കൊണ്ടിരുന്ന സംഭവം ആഗസ്ത് ആദ്യം പുറത്തുവന്നിരുന്നു. അതിന് ഒരു മാസം മുന്‍പാണ് നഗരത്തെ പിടിച്ചുകുലുക്കിയ വിബ്ജ്യോര്‍ സ്കൂളിലെ 'കൂട്ടബലാല്‍സംഗം' ഉണ്ടായത്. ആറുവയസ്സുകാരിയാണ് അന്ന്‍ പീഡനത്തിനിരയായത്.