Skip to main content
മംഗലാപുരം

മണിപ്പാല്‍ സര്‍വകലാശാലയിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ  മലയാളി വിദ്യാര്‍ഥിനിയെ ബലാത്സംഗംചെയ്ത കേസില്‍ മൂന്നുപേരെ ഉഡുപ്പി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടില്ല. 

 

മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടി സുഖം പ്രാപിക്കുന്നു. പ്രതികളെ ഉടന്‍ അറസ്റ്റ്‌ചെയ്യണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്കണമെന്നും ആവശ്യപ്പെട്ട് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ധര്‍ണ നടത്തി. 

 

നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായ തിരുവനന്തപുരം സ്വദേശിനിയാണ് ബലാത്സംഗത്തിന് ഇരയായത്. വ്യാഴാഴ്ച രാത്രി 11.30 ഓടെ മണിപ്പാല്‍ സര്‍വകലാശാല ലൈബ്രറിയില്‍ നിന്ന് താമസസ്ഥലത്തേക്കു പോകാന്‍ വാഹനം കാത്തുനിന്ന പെണ്‍കുട്ടിയെ ഓട്ടോയിലെത്തിയ മൂന്നുപേര്‍ ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടുപോകുകയായിരുന്നു. വെളുപ്പിന് 2.45ന് താമസിക്കുന്ന ഫ്ലാറ്റിനു സമീപത്തായി ഇറക്കിവിട്ട പെണ്‍കുട്ടിയെ ഫ്ലാറ്റിലെ വാച്ച്മാനാണ് ആശുപത്രിയിലെത്തിച്ചത്.