Skip to main content

സി.പി.ഐ.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി.എന്‍ ജയന്തൻ ഉൾപ്പെടെ നാലുപേര്‍ മാനഭംഗപ്പെടുത്തിയെന്ന്‍ വെളിപ്പെടുത്തി തൃശൂരിൽ കൂട്ടമാനംഭംഗത്തിന് ഇരയായ യുവതി. ജയന്തന്റെ സഹോദരൻ ജിനീഷ്, ഷിബു, ബിനീഷ് എന്നിവരാണ് മറ്റു മൂന്നുപേര്‍. പോലീസ് മോശമായി പെരുമാറിയതായും നിര്‍ബന്ധിച്ച് കേസ് പിന്‍വലിപ്പിച്ചതായും യുവതി ആരോപിച്ചു.

 

ഭർത്താവിനും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, അവതാരകയും നടിയുമായ പാർവതി എന്നിവർക്കുമൊപ്പം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് യുവതി മാനഭംഗപ്പെടുത്തിയവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയത്. 2014 ആഗസ്തില്‍ നടന്ന സംഭവത്തെ കുറിച്ച് ഭാഗ്യലക്ഷ്മി സമൂഹമാധ്യമമായ ഫെയ്സ്ബുക്കില്‍ കഴിഞ്ഞ ദിവസം കുറിപ്പിട്ടിരുന്നു.

 

ആശുപത്രിയിലായിരുന്ന ഭര്‍ത്താവിന്റെ അടുത്തേക്കെന്ന് പറഞ്ഞ് തന്നെ വിളിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിച്ചതായാണ് യുവതി പറഞ്ഞത്. പ്രതികളുടെ ഭീഷണിയും പോലീസിന്റെ സമ്മര്‍ദ്ദവും മൂലമാണ് ആദ്യം നൽകിയ പരാതിയിൽനിന്നു പിന്നോട്ടുപോകാൻ തീരുമാനിച്ചതെന്നും വെളിപ്പെടുത്തി. പോലീസിന്റെ ഭാഗത്തുനിന്ന് കടുത്ത മാനസിക പീഡനം അനുഭവിക്കണ്ടിവന്നെന്നും അസഭ്യം നിറഞ്ഞ പെരുമാറ്റമായിരുന്നു പോലീസുകാരുടേതെന്നും യുവതി പറഞ്ഞു. പ്രതികള്‍ മാനസിക പീഡനം ഇപ്പോഴും തുടരുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നതെന്നും യുവതി പറഞ്ഞു.

 

ഇതേ സംഭവവുമായി ബന്ധപ്പെട്ട് ജയന്തൻ, സഹോദരൻ ജിനീഷ്, ബിനീഷ്, ഷിബു എന്നിവർക്കെതിരെ 2014ൽ പൊലീസ് കേസെടുത്തിരുന്നു. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാതെ വന്നപ്പോൾ ക്രൈം ഡിറ്റാച്ച്മെന്റ് റൂറൽ ഡിവൈഎസ്പിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്ന് കേസ് റജിസ്റ്റർ ചെയ്തത്. ഈ കേസാണ് പിന്നീട് പൊലീസ് ഇടപെട്ട് മൊഴിമാറ്റിച്ച് ദുർബലപ്പെടുത്തിയതെന്നാണ് ഇപ്പോൾ യുവതി വിശദീകരിച്ചിരിക്കുന്നത്.

 

എന്നാല്‍ തനിക്കെതിരായ ആരോപണം സാമ്പത്തിക ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണെന്ന്‍ ആരോപിതനായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സില്‍ പി.എന്‍ ജയന്തന്‍ പ്രതികരിച്ചു. യുവതിയും ഭര്‍ത്താവും മൂന്ന് ലക്ഷം രൂപ നല്‍കാനുണ്ടായിരുന്നുവെന്നും അത് ചോദിച്ചതിന്റെ പേരിലാണ് ആരോപണം ഉന്നയിച്ചതെന്നും ജയന്തന്‍ പറയുന്നു. വടക്കാഞ്ചേരി നഗരസഭ മിനാലൂര്‍ ബൈപ്പാസ്- വാര്‍ഡ് 27 കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവുമാണ് പി.എന്‍ ജയന്തന്‍.