വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.ഐ.എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ കേസെടുത്തു. ഡി.ജി.പി യുടെ നിര്‍ദേശ പ്രകാരം തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് ഐ.പി.സി 228 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. രണ്ട് വര്ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
നേരത്തെ സ്പീക്കറും മന്ത്രിയുമായി പ്രവര്‍ത്തിച്ചിട്ടുള്ള കെ.രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സി.പി.ഐ.എം നേതാവിനെതിരെയുള്ള പീഡനക്കേസിലെ പരാതിക്കാരായ യുവതിയുടെയും ഭര്‍ത്താവിന്റെയും പേര് വെളിപ്പെടുത്തിയത്. ഇത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ജയന്തന്റെ പേര് പറയാമെങ്കില്‍ പരാതിക്കാരുടെയും പേര് പറയാമെന്ന് പറയുകയായിരുന്നു രാധാകൃഷ്ണന്‍.
സി.പി.ഐ.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി.എന്‍ ജയന്തൻ ഉൾപ്പെടെ നാലുപേര്‍ 2014-ല്‍ ബലാല്‍സംഗം ചെയ്തതായി യുവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.