വെളുപ്പാൻകാലത്ത് ഉറക്കത്തിനിടയിൽ പ്രമുഖ നടിയുടെ മുറിയിൽ ഹോട്ടൽ ജീവനക്കാരൻ രണ്ടാം താക്കോൽ ഉപയോഗിച്ച് ഒളിച്ചു കയറി പുതപ്പു വലിച്ചുമാറ്റി സ്വകാര്യത നിരീക്ഷിച്ച സംഭവം പോലീസ് കേസ്സായെങ്കിലും വാർത്തയാകാതെ തമസ്‌കരിക്കപ്പെട്ടു. 2017 ഫെബ്രുവരി മൂന്നിന് ആലപ്പുഴ ആർക്കേഡിയാ റീജൻസിയിലാണ് സംഭവം നടന്നത്. തുടർന്ന് ആലപ്പുഴ സൗത്ത് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് ക്രൈം നമ്പർ 250/2017 ആയി ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച റിമാൻഡ് അപേക്ഷ പ്രകാരം പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു.
സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായാണ് പ്രമുഖ നടി ഫെബ്രുവരി രണ്ടിന് രാത്രി ആലപ്പുഴ ആർക്കേഡിയ റീജൻസിയിലെത്തിയത്. ‘ഹോട്ടലിലെ മൂന്നാമത്തെ നിലയിൽ കിഴക്കേ അറ്റം 314 എന്ന റൂം നമ്പർ പതിച്ച സ്യൂട്ട് റൂം പ്രതി സെക്കൻഡ് കീ ഉപയോഗിച്ച് തുറന്ന് അതിനുള്ളിലെ ബെഡ് റൂമില്‍ രാത്രി ഒളിച്ച് അതിക്രമിച്ചു കയറി മുറിയിൽ ഉറങ്ങിക്കിടന്നിരുന്ന ആവലാതിക്കാരി പുതച്ചിരുന്ന ബെഡ്ഷീറ്റ് വലിച്ചുമാറ്റി ആവലാതിക്കാരിയുടെ സ്വകാര്യത നിരീക്ഷിച്ച് ആവലാതിക്കാരിക്ക് മാനഹാനിയും മനോവിഷമവും സംഭവിപ്പിച്ച് പ്രതി ശിക്ഷാർഹമായ കുറ്റം ചെയ്തിരിക്കുന്നു’ എന്നാണ് റിമാണ്ട് അപേക്ഷയില്‍ പോലീസ് സംഭവം വിവരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354-സി (മാനഭംഗം-ഒളിഞ്ഞുനോട്ടം), 457 (ഭവനഭേദനം) എന്നീ വകുപ്പുകളാണ് പ്രതിയായ 24-കാരന് നേരെ ചുമത്തിയിരിക്കുന്നത്.
പുലര്‍ച്ചെ 4.30നാണ് ഹോട്ടൽ ജീവനക്കാരൻ നടിയുടെ മുറിയിൽ ഒളിച്ചു കയറിയത്. പോലീസ് കേസ്സെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്തതിനെയും തുടർന്ന് മുഖ്യധാരയിലേതുൾപ്പടെ മിക്ക മാദ്ധ്യമങ്ങളും വിവരം അറിയുകയുണ്ടായി. എന്നാൽ വാർത്ത തങ്ങളെ ദോഷകരമായി ബാധിക്കുമെന്നതുകൊണ്ടാകാം മാദ്ധ്യങ്ങളിൽ വാർത്ത വരാതിരിക്കാന്‍ ഹോട്ടലധികൃതർ വ്യാപക ശ്രമം നടത്തിയിരുന്നു. എന്തായാലും വാർത്ത തമസ്‌കരിക്കപ്പെട്ടു. ഈ വാർത്ത വന്നിരുന്നുവെങ്കിൽ എറണാകുളത്ത് നടി ആക്രമിക്കപ്പെട്ട സംഭവം ഒരുപക്ഷേ ഒഴിവാകുമായിരുന്നു. ഇത്തരം സംഭവങ്ങൾ പുറത്തു പറയാനോ പോലീസിൽ പരാതിപ്പെടാനോ പ്രശസ്തരായ നടികൾ തയ്യാറാകില്ല എന്ന ധാരണയാണ് എറണാകുളത്ത് നടി ആക്രമിക്കപ്പെട്ടതിന് പിന്നിലെ ഒരു കാരണം.
Actress Abuse Alappuzha Police Docs by lifeglint on Scribd
നടി പോലീസിൽ മൊഴി നൽകിയപ്പോൾ അവരോട് ഉറക്കത്തിൽ കണ്ട സ്വപ്‌നമാണോ എന്നും പോലീസ് തിരക്കുകയുണ്ടായി. എന്നാൽ തലേദിവസം താൻ ഹോട്ടലിലെത്തിയപ്പോൾ ലഗേജ് മുറിയിലെത്തിക്കാൻ സഹായിച്ച ജീവനക്കാരൻ തന്നെയാണ് തന്റെ മുറിയിൽ കയറിയതെന്ന് നടി പറഞ്ഞു. തലേന്നു തന്നെ അയാളുടെ പെരുമാറ്റത്തിൽ പന്തികേട് തനിക്കനുഭവപ്പെട്ടെന്നും അതിനാൽ വെറുതേ എവിടെയാണ് താമസമെന്നുമൊക്കെ നടി അയാളോട് ചോദിച്ചിരുന്നു. നെടുമുടിയിലാണ് താമസമെന്നും അയാൾ പറഞ്ഞതായി നടി പോലീസിനെ അറിയിച്ചു. അതിനാൽ പ്രതിയെ കണ്ടെത്തുന്നതിന് പൊലീസിന് ബുദ്ധിമുട്ടുണ്ടായില്ല.
പുതപ്പു വലിച്ചുമാറ്റിയതിനെ തുടർന്ന് ഞെട്ടിയുണർന്ന താൻ അലറി വിളിച്ചപ്പോൾ അയാൾ ഓടിപ്പോവുകയായിരുന്നുവെന്നും തുടർന്ന് റിസപ്ഷനിൽ ഓടിയെത്തി വിവരമറിയിക്കുകയായിരുന്നുവെന്നും നടി മൊഴിയിൽ പറയുന്നു. മറിച്ച് അയാൾ ആക്രമിക്കാൻ തയ്യാറാവുകയായിരുന്നുവെങ്കിൽ തന്റെ അവസ്ഥ ഇതിലും ഭയങ്കരമാകുമായിരുന്നെന്നും നടി പറയുന്നു.