തുലാവർഷത്തെ മഴക്കോൾ നോക്കി പ്രവചനം നടത്തിയാൽ തെറ്റില്ല. എന്നതുപോലെ ചില സാഹചര്യങ്ങളിലെ ലക്ഷണം നോക്കിയാൽ പ്രവചനം തെറ്റാതെ പറയാൻ കഴിയും. നടി ആക്രമിക്കപ്പെട്ട കേസ്സിൽ യഥാർത്ഥ പ്രതിയോ പ്രതികളോ പിടിക്കപ്പെടാനിടയില്ല. അതുകൊണ്ടു തന്നെ ശിക്ഷിക്കപ്പെടാനും. താരങ്ങളുടെ സംഘടനയായ അമ്മ പറയുന്നു, അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നത്. ഇതുവരെയുള്ള അന്വേഷണം കണ്ടിട്ടാണ് അവരത് പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ആക്രമിക്കപ്പെട്ട നടിക്ക് കൂടുതൽ അഭിനയ അവസരങ്ങൾ ലഭ്യമാക്കുകമെന്നും അമ്മ പറയുന്നു. പോലീസ് വീശാവുന്നിടത്തെല്ലാം വലവീശിയെന്നാണ് പറയുന്നത്. ഈ വലയെ വെട്ടിച്ചു കൊണ്ട് പൾസർ സുനി, വിജീഷ്, മണികണ്ഠൻ എന്നിവർ അങ്കമാലിയിൽ വക്കീലിനെ കണ്ട് മുൻകൂർ ജാമ്യത്തിനപേക്ഷിക്കാൻ ഏർപ്പാടാക്കി. നടി നൽകിയെന്നു പറയപ്പെടുന്ന മൊഴിയിൽ തന്നെ ആക്രമിച്ചത് ആരോ ഏർപ്പാടാക്കിയ ക്വട്ടേഷൻ സംഘമാണെന്ന് അറിയുന്നു. പിന്നിലുള്ളവരെ കുറിച്ചും നടി സൂചന നൽകിയതായാണറിയുന്നത്. കൊച്ചിയിലെ റിയൽ എസ്റ്റേറ്റും സിനിമയുമായി കൂടിക്കുഴഞ്ഞു കിടക്കുന്ന അധോലോകത്തെ കുറിച്ചു തനിക്ക് എല്ലാമറിയാമെന്നു പറഞ്ഞു നടനും എം.എൽ.എയുമായ കെ.ബി ഗണേഷ് കുമാർ രംഗത്തെത്തിയിരിക്കുന്നു. രാഷ്ട്രീയവുമായി, എന്നു വെച്ചാൽ സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമില്ലാത്ത അധോലോകം വിരളമാണ്. സ്വാഭാവികമായും കൊച്ചിയും സിനിമയും കൂടി ചേരുന്ന അധോലോകത്തിന്റെ ആ ബന്ധം വളരെ സുദൃഢമായിരിക്കും. എല്ലാത്തിനുമുപരി മന്ത്രി എ.കെ ബാലൻ പ്രഖ്യാപിച്ചിരിക്കുന്നു, നടിയെ ആക്രമിച്ചതിന്റെ പിന്നിൽ ദൈവമായാലും പിടിക്കുമെന്ന്. ദൈവത്തിൽ വിശ്വസിക്കാത്ത ബാലനെ സംബന്ധിച്ചിടത്തോളം ദൈവം ഇല്ല. ഇല്ലാത്തതിനെ പിടിക്കാനും കഴിയില്ല. നടക്കാനിടയില്ലാത്ത സംഗതി വളരെ ആവേശപൂർവ്വം ബാലൻ പറഞ്ഞെന്നേ ഉള്ളൂ. ആ അമിതാവേശം തന്നെ ചില സൂചനകളെ പേറുന്നുണ്ട്.
വക്കീലിനെ മുൻകൂർ ജാമ്യത്തിനു വേണ്ടി ഏർപ്പാടാക്കിയത് പൾസർ സുനി നേരിട്ടല്ലെന്നാണ് അറിയുന്നത്. അതു ശരിയാണെങ്കിൽ അതു സംഭവിച്ചത് പോലീസിന്റെ അറിവോടെ എന്ന്‍ കരുതണം. പോലീസ് അറിഞ്ഞില്ല എങ്കിൽ കേരളാ പോലീസിന്റെ ഏറ്റവും വലിയ ബലഹീനതയും നാണക്കേടുമാണത്. ആ ഒറ്റ സംഭവത്തിലേക്കു നോക്കിയാൽ മതി പൾസർ സുനി കൂട്ടരുമായി നടത്തിയ ആസൂത്രണമല്ല ഇതെന്ന്. ഇതിനിടെ സിനിമാ മേഖലയിലെ ചിലർ നടിയുമായി ചർച്ചകളും നടത്തി വരുന്നതായി അറിയുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് പൾസർ സുനിയിലേക്ക് മാത്രം കാര്യങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങളാണ്. ആ ശ്രമം വിജയിക്കുമ്പോൾ മാത്രമായിരിക്കും പൾസർ സുനിയെ കേരളാ പോലീസ് "സാഹസികമായി" പിടിക്കുക.
പൾസർ സുനി "പിടിക്കപ്പെട്ടു" കഴിഞ്ഞാൽ സിനിമാരംഗത്തുള്ളവർ തന്നെ ഉറഞ്ഞു തുള്ളി ഇയാളെ വിചാരണ പോലും ചെയ്യാതെ തൂക്കിലേറ്റണമെന്ന് ആവശ്യമുന്നയിച്ച് ആക്രമണത്തിന്റെ മൊത്തം ഉത്തരവാദിത്വവും അയാളുടെ മേൽ ഉറപ്പിക്കും. അതു കേട്ട് സമൂഹവും കൂടെ അലറും "ഞങ്ങൾക്കു വിട്ടു താ, കൊല്ലവനെ" എന്നൊക്കെ. കോടതിയിൽ പ്രതിയെ കൊണ്ടുവരുമ്പോൾ ചില്ലറ നാടകീയ രംഗങ്ങൾ കൂടി സൃഷ്ടിച്ചാൽ സംഗതി ഉഷാർ. കഴിഞ്ഞ രണ്ടു ദിവസമായി ഇതിന്റെ പിന്നിൽ ഗൂഢാലോചന ഇല്ലെന്ന് വരുത്തിത്തീർക്കാനായി അതിവിദഗ്ധമായി ചാനൽ ചർച്ചകളിലൂടെ ചില വിദഗ്ധർ ശ്രമം നടത്തുന്നുണ്ട്. വളരെ പക്വതയില്ലാതെ നടത്തപ്പെട്ട കൃത്യമാണെന്നൊക്കെയാണ് ഈ വിദഗ്ധർ പറയുന്നത്.
മുൻ ആഭ്യന്തര മന്ത്രി കൂടിയായ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ഈ സംഭവത്തെ ലാ അക്കാദമി സമരം പോലെ ഒറ്റപ്പെട്ട സംഭവമായി മാത്രമാണ് കാണുന്നതും. പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും സംഭവത്തിന്റെ പ്രാധാന്യം അന്വേഷണത്തിനു മുൻപു തന്നെ നിശ്ചയിക്കപ്പെട്ടുവെന്നാണ് അതു സൂചിപ്പിക്കുന്നത്. കാര്യശേഷി ഒട്ടും കുറവുള്ളതല്ല കേരളാ പോലീസ് സേന. മേഘാലയ സ്വദേശിനി തീവണ്ടിയിൽ പീഡിപ്പിക്കപ്പെട്ടതിന്റെ പരാതി കിട്ടി മണിക്കൂറുകൾക്കകം പ്രതിയെ പിടിച്ചതും കേരളാ പോലീസാണ്. നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേ ദിവസമാണ് തമ്പാനൂർ പോലീസിന് ഈ പരാതി ലഭിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവം നടൻ മമ്മൂട്ടി പറഞ്ഞതുപോലെ പ്രതിരോധം വർധിപ്പിക്കും. അത് ആകാശത്തും ഭൂമിക്കടിയിലുമെന്നോണം കെട്ടുപിണഞ്ഞു കിടക്കുന്ന അധോലോകത്തിന്റേതാണെന്നു മാത്രം. അങ്ങനെ ലക്ഷണങ്ങളെല്ലാം സൂചിപ്പിക്കുന്നത് ഇപ്പോൾ അണിയറയിൽ വളരെ സജീവമായി നടന്നു കൊണ്ടിരിക്കുന്ന നീക്കങ്ങൾ നടത്തുന്നവർ വിജയിക്കുമെന്നാണ്. അതോടു കൂടി അവർക്കുണ്ടാവുന്ന പ്രതിരോധം വളരെ ശക്തമായിരിക്കും. സിനിമയ്ക്കകത്തുള്ളവർ തന്നെ അധോലോക സാന്നിദ്ധ്യത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തി. പക്ഷേ, സംഭവിച്ചത് 'ഒറ്റപ്പെട്ട സംഭവ'മായതിനാൽ പ്രതിരോധശേഷി കൂടുതൽ ആർജ്ജിച്ച അധോലോകം ബാഹ്യലോകത്തെ പരസ്യമായി നിയന്ത്രിച്ചാലും അത്ഭുതപ്പെടാനില്ല.