ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മത്സരിക്കാനുള്ള പാര്‍ട്ടി പ്രമേയം ശിവസേന ദേശീയ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആണ് ഒറ്റയ്ക്കു മല്‍സരിക്കണമെന്ന പ്രമേയം കൊണ്ടുവന്നത്.
കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന ബി.ജെ.പി സീറ്റ് വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഇരുപാര്‍ട്ടികളും ഒറ്റയ്‌ക്കൊറ്റയ്ക്കാണ് മത്സരിച്ചത്. അവിടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണക്കുന്നുണ്ടെങ്കിലും, അന്ന് മുതല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ പരസ്യമായി വിമര്‍ശിക്കാന്‍ ശിവസേന തയ്യാറായി. നോട്ട് നിരോധനത്തെയും ജി.എസ്.ടിയെയും രൂക്ഷമായിട്ടാണ് ശിവസേന വിമര്‍ശിച്ചത്. ഇതോടെ 29 വര്‍ഷം നീണ്ട സഖ്യത്തിനാണ് മഹാരാഷ്ട്രയില്‍ വിരാമമാകുന്നത്.