കേരളത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ വൃദ്ധരിൽ ആക്രമണോത്സുകത

മുഖ്യമന്ത്രി പിണറായി വിജയൻ 2025ഏപ്രിൽ 16 വൈകിട്ട് നടത്തിയ പത്രസമ്മേളനം കേരളം സൂക്ഷ്മ പഠനത്തിന് വിധേയമാക്കേണ്ടതാണ്. ഒരു വിഷയം അദ്ദേഹം അതിൽ ഉയർത്തിയത് യുവതയ്ക്കിടയിൽ ഉണ്ടാകുന്ന അക്രമോത്സുകതയാണ്. ഈ ആക്രണോത്സുകത നേരിടുന്നത് സംബന്ധിച്ച് അദ്ദേഹം മതമേലധ്യക്ഷന്മാരുമായും പ്രതിപക്ഷം ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ചർച്ച ചെയ്തുവെന്ന് ആ പത്രസമ്മേളനത്തിൽ അറിയിച്ചു.
എന്നാൽ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഓർമിപ്പിച്ചത് യുവതയിൽ അക്രമോത്സുകത തടയുന്നതിനേക്കാൾ ആവശ്യം വൃദ്ധരിൽ അത് നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയാണ്.വിശേഷിച്ചും പൊതുരംഗങ്ങളിൽ നിൽക്കുന്നവരുടേത്.അതിൻറെ ഏറ്റവും ഉദാത്തമായ ഉദാഹരണമായിരുന്നു മുഖ്യമന്ത്രിയുടെ പത്രസമ്മേളനം തന്നെ .
മാധ്യമപ്രവർത്തകരിൽ ഒരാൾ മാസപ്പടി ക്കേസ്സുമായി ബന്ധപ്പെട്ടുണ്ടായ കോടതി ഉത്തരവിനെ കുറിച്ച് ചോദിച്ചു. അത് കേട്ട മാത്രയിൽ മുഖ്യമന്ത്രി ക്ഷോഭത്തിൽ പൊട്ടിത്തെറിച്ചു. അസംബന്ധം ചോദിക്കരുത് എന്നായിരുന്നു യുവാവായ മാധ്യമപ്രവർത്തകനോട് അദ്ദേഹം പറഞ്ഞത്. എന്നാൽ യുവാവായ അദ്ദേഹം ക്ഷുഭിതനാകാതെ ചോദ്യം ആവർത്തിച്ചു.മുഖ്യമന്ത്രി വീണ്ടും ക്ഷുഭിതനായി ആ മാധ്യമപ്രവർത്തകനെ നേരിടുന്നതാണ് കേരളം കണ്ടത്.
ഇതാണ് മനുഷ്യനിൽ പ്രവർത്തിക്കുന്ന ആക്രമണോത്സുകതയുടെ ഏറ്റവും വ്യക്തമായ ഉദാഹരണം.ഏറ്റവും കൂടുതൽ സമചിത്തതയും അവധാനതയും പ്രകടിപ്പിക്കേണ്ട വ്യക്തികൾ. വിശേഷിച്ചും ഒരു മുഖ്യമന്ത്രി ഈ വിധം പെരുമാറുമ്പോൾ എങ്ങനെയാണ് യുവത ആക്രമണോത്സുകതയിൽ നിന്ന് പിൻവാങ്ങുന്നത്. ഇവിടെ പ്രായം പോലും മുഖ്യമന്ത്രിയുടെ ആക്രമണോത്സുകതയെ പാകപ്പെടുത്താൻ പര്യാപ്തമാകാത്ത കാഴ്ച.