ഡോ.മെഹ്റാംഗ് ബലൂചിൻ്റെ മോചനത്തിനായി ബലൂചിസ്ഥാൻ ഇളകിമറിയുന്നു.

ബലൂചിസ്ഥാൻ മനുഷ്യാവകാശ പ്രവർത്തകയും ബലൂച് യാക്ജതി കമ്മറ്റി (ബലൂച് ഐക്യ സമിതി-ബി. വൈ.സി) മുഖ്യ സംഘാടകയുമായ ഡോ. മെഹ്റാംഗിനെ അനധികൃതമായി പാകിസ്ഥാൻ ഭരണകൂടം തടവിൽ വച്ചിരിക്കുന്നതിനെതിരെയുള്ള പ്രതിഷേധം വ്യാപകമാകുന്നു. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി( ബി.എൽ .എ) നേതൃത്വത്തിലുള്ള സ്ഫോടന പരമ്പരയും പട്ടാളത്തിനെതിരെയുള്ള ആക്രമണവും ശക്തി പ്രാപിക്കുന്നതിനിടയിലാണ് മെഹ്റാംഗിന്റെ തടങ്കലിനെതിരെയുള്ള പ്രതിഷേധവും ശക്തമാകുന്നത്. 58 സ്ഥലങ്ങളിലായി 72 സ്ഫോടനങ്ങൾ നടത്തിയതിന്റെ ഉത്തരവാദിത്വം ബുധനാഴ്ച ബി എൽ എ ഏറ്റെടുത്തതും ഇതിനോടൊപ്പം ചേർത്ത് കാണേണ്ടതാണ്.
കഴിഞ്ഞ മാർച്ച് 22ന് സമാധാനപരമായി ബലൂചിസ്ഥാൻ്റെ തലസ്ഥാനമായ ക്വറ്റയിൽ കുത്തിയിരിപ്പ് സമരം നയിച്ചതിന്റെ പേരിലാണ് ഡോ. മെഹറാംഗിനെ അറസ്റ്റ് ചെയ്തത്. ആയിരക്കണക്കിന് ബലൂച്ച് വനിതകളെ നയിച്ചു കൊണ്ടായിരുന്നു ബി. വൈ.സിയുടെ മാർച്ചും കുത്തിയിരുപ്പും . രാഷ്ട്രത്തിനെതിരെയുള്ള പ്രവർത്തനം നടത്തിയെന്ന പേരിൽ മയക്കുമരുന്ന് കടത്തുകാർക്കെതിരെ പ്രയോഗിക്കുന്ന വകുപ്പു ചാർത്തിയാണ് ഡോ.മെ ഹ്റാംഗിനെ അറസ്റ്റ് ചെയ്തത്.
2006 ൽ മെഹ്റിംഗിന്റെ പിതാവിനെയും സഹോദരനെയും പോലീസ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനുശേഷം ഇരുവരെയും കുറിച്ച് വിവരം ലഭിച്ചില്ല.ഏതാനും ദിവസങ്ങൾക്ക് ശേഷം മെഹ്റാംഗിന്റെ പിതാവിന്റെ മൃതശരീരം വെടിക്കുണ്ടയേറ്റ പാടുകളുമായി വഴിയരികിൽ കാണപ്പെട്ടു. സഹോദരൻ പിന്നീട് ജയിലിൽ ആവുകയും ചെയ്തു. ശക്തനായ ബലൂച് ആക്ടിവിസ്റ്റ് ആയിരുന്നു മെഹ്റാംഗിന്റെ പിതാവ് അബ്ദുല്ല ലം ഗോവ.
ആയിരക്കണക്കിന് ബലൂചിസ്ഥാൻ കാർ അപ്രത്യക്ഷരാവുകയും കൊലചെയ്യപ്പെടുകയും ചെയ്തുകൊണ്ടിരുന്നതിന്റെ പശ്ചാത്തലത്തിലാണ് മെഹറാംഗിൻ്റെ പിതാവിൻറെ മൃതശരീരവും വഴിയരികിൽ കാണപ്പെട്ടത്. ഇതിനെ തുടർന്നാണ് വിദ്യാർത്ഥിയായിരുന്ന മെഹ്റാംഗ് ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ പ്രവർത്തനമാരംഭിച്ചത്. തുടരെത്തുടരെ ബലൂചിസ്ഥാൻകാർ അപ്രത്യക്ഷ രാകുന്നതിന് എതിരെ സ്ത്രീകളെ സംഘടിപ്പിച്ച സമാധാനപ്രതിഷേധം നയിച്ചതിലൂടെയാണ് മെഹ്റാംഗ് ലോകശ്രദ്ധ ആകർഷിച്ചത്. തുടർന്നാണ് ബി വൈ സി രൂപം കൊണ്ട് വൻ ശക്തിയായി മാറിയതും .
ഇപ്പോൾ ഒരു ഭാഗത്ത് ബി എൽ എ യുടെ കടുത്ത സായുധ ആക്രമണം.അതോടൊപ്പം തന്നെ ബലൂചികൾ ഒറ്റക്കെട്ടായി ഡോ. മെഹ്റാംഗിന്റെ മോചനത്തിനായി രംഗത്തുവരുന്നു. ബി വൈ സിയും ബി എൽ എ യും ഉന്നയിക്കുന്നത് ഒരേ ആവശ്യവുമാണ്. കഴിഞ്ഞമാസം ബലൂചിസ്ഥാൻ ഹൈക്കോർട്ട് ഡോ. മെഹറാംഗിനെ മോചിപ്പിച്ച് ഉത്തരവായതാണ്. എന്നിട്ടും അവരെ പാകിസ്ഥാൻ ഭരണകൂടം വിട്ടയച്ചില്ല. ഡോ.മെഹ്റാംഗിന്റെ മോചനത്തിനായി ബലൂചിസ്ഥാൻ തെരുവുകളിൽ ഇറങ്ങുന്നത് കൂടുതലും സ്ത്രീകളാണ്. അതിനാൽ ഈ പ്രക്ഷോഭത്തെ നേരിടാൻ പാകിസ്ഥാൻ ഭരണകൂടം വല്ലാതെ കുഴങ്ങുകയാണ്.