Skip to main content
മുംബൈ

നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സപ്രസ് പാളം തെറ്റി മൂന്നു മരണം. അപകടത്തില്‍ അമ്പതോളം പേര്‍ക്ക് പരുക്കേറ്റു. നിരവധി പേര്‍ ബോഗികളില്‍ കുടുങ്ങിക്കിടക്കുന്നതായാണ്സൂചന. പരിക്കേറ്റവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

 

വ്യാഴാഴ്ച രാത്രി 9.30 ഓടെ ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്ക് തിരിച്ച 2618 നമ്പര്‍ മംഗള എക്‌സ്പ്രസാണ് പാളം തെറ്റിയത്. പുലര്‍ച്ചെ ആറരയോടെ മഹാരാഷ്ട്രയിലെ നാസിക് റോഡിന് സമീപം ഇഗത്പുരിക്കും ഗോട്ടിക്കും ഇടയിലാണ് അപകടം നടന്നത്. അഞ്ച് എസി കോച്ചുകളും മൂന്ന് സ്പ്ലീപ്പര്‍ കോച്ചുകളും പാന്‍ട്രി കാറും ഉള്‍പ്പടെ 9 ബോഗികളാണ് അപകടത്തില്‍ പെട്ടത്. എസ്11, എസ്10, എസ്9 എന്നീ സ്പീപ്പര്‍ കോച്ചുകളും ബി1, ബി2, ബി3, എ1, എ2 എന്നീ എസി കോച്ചുകളാണ് അപകടത്തില്‍ പെട്ടത്. എസ് 11 കോച്ച് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഈ കോച്ചില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. കോച്ച് വെട്ടിപ്പൊളിച്ച് മാത്രമേ ആളുകളെ പുറത്തെടുക്കാന്‍ കഴിയൂ.

 

പാളത്തിലുണ്ടായ വിള്ളലാണ് അപകടകാരണമെന്നും അറിയുന്നു. പക്ഷെ റെയില്‍വെ ഇത് സ്ഥിരീകരിച്ചിട്ടില്ല.  മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗോട്ടിയിലെ സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റവരുടെ നില ഗുരുതരമാണ്.