ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്ലറായ ആമസോണ്‍ യു.എസ്സില്‍ ഓര്‍ഡറുകളെത്തിക്കാന്‍ ആളില്ലാത്ത ചെറുവിമാനം പരീക്ഷിക്കുന്നു. ടെലിവിഷന്‍ അഭിമുഖത്തില്‍ ആമസോണ്‍ ചീഫ് എക്സിക്യൂട്ടീവ് ജെഫ് ബിസോസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘പ്രൈം എയര്‍’ എന്നാണ് പുതിയ സംവിധാനത്തിന് നല്‍കിയിരിക്കുന്ന പേര്. ഓര്‍ഡര്‍ നല്കി അരമണിക്കൂറിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ എത്തിക്കുകയാണ് പുതിയ പരീക്ഷണത്തിലൂടെ ആമസോണ്‍ ചെയ്യുന്നത്.
2.3 കിലോഗ്രാം വരുന്ന ഓര്‍ഡറുകള്‍ ഉപഭോക്താക്കളില്‍ എത്തിക്കാനാകും. പ്രൈം എയര്‍ സര്‍വീസ് ആരംഭിക്കാന്‍ അഞ്ചുവര്‍ഷമെടുക്കുമെന്ന് ബെസോസ് വെളിപ്പെടുത്തി. സി.ബി.എസ് ടെലിവിഷന്റെ പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ആമസോണ്‍ മേധാവി ഇക്കാര്യം വെളിപ്പെടുത്തിയത്.
ആമസോണിന് ലഭിക്കുന്ന ഓര്‍ഡറുകളില്‍ 86 ശതമാനവും 2.3 കിലോഗ്രാമോ അതില്‍ കുറവോ തൂക്കമുള്ളതാണ്. അതുകൊണ്ടാണ് ഡ്രോണിന് വഹിക്കാന്‍ കഴിയുന്ന പാഴ്സലിന്റെ തൂക്കം ആ പരിധിയായി നിശ്ചയിച്ചത്. എന്നാല്‍ യു.എസ്.ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (എഫ്.എ.എ) ആളില്ലാവിമാനങ്ങള്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഇതുവരെ അനുവാദം നല്‍കിയിട്ടില്ല. പോലീസിന്റെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ആവശ്യത്തിന് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ മാത്രമേ അനുമതിയുള്ളൂ.