വിരമിച്ച സുപ്രീം കോടതി ജഡ്ജി എ.കെ ഗാംഗുലിക്കെതിരെ യുവ അഭിഭാഷക നല്കിയ ലൈംഗികാരോപണ മൊഴി പുറത്ത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എ.എസ്.ജി) ഇന്ദിര ജയ്സിങ്ങാണ് മൊഴി പരസ്യപ്പെടുത്തിയത്. എന്നാല്‍, യുവതിയുടെ മൊഴി പുറത്തു വിട്ടതിനെ ചോദ്യം ചെയ്ത ഗാംഗുലി പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജി വെക്കില്ലെന്ന് ആവര്‍ത്തിച്ചു.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 24 ന് ഡെല്‍ഹിയിലെ ലെ മെറിഡിയൻ ഹോട്ടലില്‍ വെച്ചാണ് അന്ന് സുപ്രീം കോടതി ജഡ്ജിയായിരുന്ന ഗാംഗുലി തനിക്ക് നേരെ മാനഭംഗ ശ്രമം നടത്തിയെന്ന് യുവ അഭിഭാഷക വെളിപ്പെടുത്തിയിരുന്നു. അന്ന് നിയമവിദ്യാര്‍ത്ഥിനിയായിരുന്ന പരാതിക്കാരി പരിശീലാനാര്ത്ഥം ജഡ്ജിയുടെ സഹായി ആയി പ്രവര്‍ത്തിക്കുകയായിരുന്നു.
ജഡ്ജിയുടെ പേരു വെളിപ്പെടുത്താതെ യുവതി ഉന്നയിച്ച ആരോപണം പരിശോധിക്കാന്‍ സുപ്രീം കോടതി, ജഡ്ജിമാരുടെ മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു. സമിതിയ്ക്ക് മുന്നില്‍ യുവതി നല്കിയ മൊഴിയാണ് എ.എസ്.ജി ഇപ്പോള്‍ പുറത്ത് വിട്ടത്. സമിതിയാണ് ആരോപണ വിധേയന് ഗാംഗുലിയാണെന്ന് വെളിപ്പെടുത്തിയത്.
ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ച ഗാംഗുലി അടുത്ത ദിവസം റിപ്പോര്‍ട്ട് സമര്പ്പിക്കേണ്ടിനാല് രാത്രി ഹോട്ടലില്‍ തങ്ങി റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടതായി യുവതി പറയുന്നു. തുടര്‍ന്ന് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് സമിതിക്ക് മുന്നില്‍ യുവ അഭിഭാഷക മൊഴി നല്‍കിയിട്ടുള്ളത്.
ഗാംഗുലി പൊതുരംഗത്തെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് പെൺകുട്ടിയുടെ സത്യവാങ്മൂലത്തിലെ വിവരങ്ങൾ വെളിപ്പെടുത്തേണ്ടി വന്നതെന്ന് എ.എസ്.ജി ഇന്ദിര ജയ്സിങ് പറഞ്ഞു. പശ്ചിമ ബംഗാൾ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്ത് നിന്ന് ഗാംഗുലിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എ.എസ്.ജി നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
എന്നാല്‍, യുവതിയുടെ മൊഴി പുറത്തു വിട്ടതിനെ ഗാംഗുലി ചോദ്യം ചെയ്തു. പരാതിക്കാരി നൽകിയ രഹസ്യ മൊഴി എ.എസ്.ജി എങ്ങനെയാണ് പുറത്തു വിട്ടതെന്ന് ഗാംഗുലി ചോദിച്ചു. പശ്ചിമ ബംഗാൾ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവയ്ക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.