Skip to main content
കൊച്ചി

govindachamiസൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വിചാരണക്കോടതി നല്‍കിയ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. വധശിക്ഷയ്ക്കെതിരെ ഗോവിന്ദച്ചാമി നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ  വിധി.


കേസ് അപൂർവങ്ങളിൽ അപൂർവമായ ഒന്നാണെന്നും അതിനാൽ അപ്പീൽ തള്ളണമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം ജസ്‌റ്റിസുമാരായ ടി.ആര്‍.രാമചന്ദ്രൻ നായർ,​ ബി.കമാല്‍ പാഷ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഗോവിന്ദച്ചാമിയുടെ അഭിഭാഷകൻ പറഞ്ഞു.

 

2011 ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളത്തു നിന്ന് ഷൊർണൂറിലേക്കുള്ള പാസഞ്ചര്‍ തീവണ്ടിയില്‍ വനിതാ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന സൗമ്യയെ ഗോവിന്ദച്ചാമി വള്ളത്തോള്‍ നഗറില്‍ വച്ചു മോഷണശ്രമത്തിനിടെ വണ്ടിയില്‍ നിന്നും തള്ളിയിടുകയും മാനഭംഗപ്പെടുത്തുകയും കല്ലു കൊണ്ടു തലയ്ക്കിടിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്. ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ വച്ച് മരിച്ചു. 2011 നവംബർ 11-നാണ് തൃശൂർ അതിവേഗ കോടതി ഗോവിന്ദച്ചാമി കുറ്റം ചെയ്തതായി കണ്ടെത്തി വധശിക്ഷ വിധിച്ചത്. കൊലപാതകം, ബലാത്സംഗം,കവര്‍ച്ച, ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയിരുന്നത്.