പരിശീലനത്തിനെത്തിയ നിയമവിദ്യാര്‍ഥിനിയോട് ലൈംഗികമായി പെരുമാറിയതായി കഴിഞ്ഞ ദിവസം ആരോപണമുയര്‍ന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍പേഴ്സണ്‍ സ്വതന്തര്‍ കുമാറിനെതിരെ. എന്നാല്‍, ആരോപണം സ്വതന്തര്‍ കുമാര്‍ നിഷേധിച്ചു. സ്വതന്തര്‍ കുമാര്‍ സുപ്രീം കോടതിയില്‍ ജഡ്ജിയായിരിക്കെയാണ് സംഭവം നടന്നതെന്നാണ് ആരോപണം.
കൊല്‍ക്കത്തയിലെ നിയമസര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന് കഴിഞ്ഞ ഡിസംബറില്‍ പരാതി നല്‍കിയിരുന്നെങ്കിലും പോലീസില്‍ പരാതി നല്കി കേസ് രെജിസ്റ്റര്‍ ചെയ്യാനാണ് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടത്. 2011 മെയ് മുതല്‍ ജൂണ്‍ വരെയായിരുന്നു പെണ്‍കുട്ടി ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി സ്വതന്തര്‍ കുമാറിന്റെ ഓഫീസില്‍ പ്രവര്‍ത്തിച്ചത്.
തൊഴിലിടത്തെ പീഡനം സംബന്ധിച്ചാണ് പരാതിയെന്നും സുപ്രീം കോടതി ഈ വിഷയം അന്വേഷിക്കുകയാണെങ്കില്‍ അത് സമൂഹത്തില്‍ ഗുണപരമായ സ്വാധീനം ഉണ്ടാക്കുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജെയ്സിംഗ് അഭിപ്രായപ്പെട്ടു. സമാനമായ ആരോപണം നേരിട്ട സുപ്രീം കോടതി മുന്‍ ജഡ്ജി എ.കെ ഗാംഗുലി പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന് സ്ഥാനം രാജിവെച്ചിരുന്നു.