വാർത്ത വാർത്തയായി അവതരിപ്പിക്കാൻ കഴിയുന്നിടത്താണ് വർത്തമാന കാലത്തിൽ വാർത്താമാധ്യമം പ്രസക്തമാകുന്നത്. കേൾക്കുന്നതും കാണുന്നതും വൈകാരികതയോടെ അതേപടി അവതരിപ്പിക്കുമ്പോൾ അത് വാർത്തയാകുന്നില്ല. അതിന് കവലക്കേട്ടുകേൾവിയുടെ മൂല്യം മാത്രമേ ഉളളു. അത്തരം കവലകളാണ് സോഷ്യൽ നെറ്റ് വർക്കുകളും മൊബൈലുൾപ്പടെയുള്ള മറ്റ് വിനിമയ സംവിധാനങ്ങളും. കവലയെ സൃഷ്ടിക്കുന്നത് തെരുവുകളാണ്. അതിനാൽ തെരുവിന്റെ സ്വാധീനം കവലകളിൽ ഉണ്ടാവും. അതുകൊണ്ടാണ് അതിവൈകാരികതയും അതിഭാവുകത്വവുമൊക്കെ അവിടെ കേൾക്കുന്നതിനും കാണുന്നതിനും ഉണ്ടാകുന്നത്.
2014 ഫിബ്രവരി 13-ന് കൊല്ലം ജില്ലയിലെ ആര്യങ്കാവിനടുത്ത് കോട്ടവാസലിൽ ഭർത്താവിന്റെ ക്രൂരമർദ്ദനത്തെത്തുടർന്ന് ഭാര്യയുടെ ഗർഭം അലസി. ചാനലുകൾ അതിഗംഭീരമായി വാർത്ത കൊടുത്തു. അതുകഴിഞ്ഞ് നിരന്തര സ്‌ക്രോളിംഗിൽ കാണിച്ചുകൊണ്ടിരുന്നു- ഗർഭമലസിപ്പിക്കാൻ ഭർത്താവിന്റെ ക്രൂര മർദ്ദനം. ഭർത്താവിന്റെ ചവിട്ടിൽ ഭാര്യയുടെ ഗർഭം അലസി.
ചാനലുകാരുടെ വാർത്താ അവതരണവും സ്‌ക്രോളിംഗും കണ്ടാൽ ബോധപൂർവ്വം ഭർത്താവ് ഗർഭം അലസുക എന്ന ലക്ഷ്യത്തോടെ ഭാര്യയുടെ ഉദരത്തിൽ ചവിട്ടി ഗർഭം അലസിപ്പിച്ചുവെന്നാണ്. തങ്ങളുടെ കണ്ടെത്തലിന് സ്ഥിരീകരണമെന്നോണം ചാനലുകൾ ഡോക്ടറേയും ഉദ്ധരിച്ചു. അതായത്, ആശുപത്രിയിൽ കൊണ്ടുചെന്നപ്പോഴേക്കും ഗർഭം അലസിക്കഴിഞ്ഞിരുന്നുവെന്ന് ഡോക്ടർ സ്ഥിരീകരിച്ചു.
വാർത്ത കേൾക്കുന്നവർക്കും സാമാന്യബുദ്ധിയുണ്ട്. അതവരറിയാതെ തന്നെ സദാ പ്രവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ആ അറിവാണ് അവരുടെ ഉപബോധ മനസ്സിലേക്ക് പ്രവേശിക്കുക. ആ അറിവ് ഊർന്നുകൂടിയാണ് അവരുടെ അഭിപ്രായ രൂപീകരണത്തിന് അടിത്തറ നൽകുക. വീഴ്ച, ശാരീരികമായ ഉലച്ചിൽ എന്നിവ ഉണ്ടാവുകയാണെങ്കിൽ ഗർഭത്തിന്റെ ആരംഭാവസ്ഥയിൽ അലസാനുള്ള സാധ്യതയുണ്ട്. ഗർഭം അലസിപ്പിക്കാൻ ധാരാളം നാട്ടുപ്രയോഗങ്ങളും പലയിടത്തുമുണ്ട്. എന്നിരുന്നാലും അടിവയറ് ഭാഗത്ത് ആഞ്ഞ് ചവിട്ടിയും ക്രൂരമായി മർദ്ദിച്ചും ഗർഭം അലസിപ്പിക്കുക എന്ന കൃത്യം നടത്താനുള്ള സാധ്യത കുറവാണ്. മിക്ക അവസരങ്ങളിലും സ്ത്രീയുടെ അനുമതിയോടും കൂടിയായിരിക്കും അലസിപ്പിക്കൽ നടത്തുക. വാർത്താ മാധ്യമമാകുമ്പോൾ അതുകൂടി അന്വേഷിച്ച് പ്രേക്ഷകരെ അറിയിക്കാനുള്ള ബാധ്യതയുണ്ട്. ഭാര്യയുടെ സമ്മതമില്ലാതെ ഗർഭമലസിപ്പിക്കാൻ ഭർത്താവ് ശ്രമിച്ച് വിജയിച്ചതാണോ അല്ലയോ എന്നുള്ളത്. അതല്ല, ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കിനിടയിൽ ക്രൂരമർദ്ദനം നടത്തുകയും ആ മർദ്ദനത്തിന്റെ ഫലമായി ഗർഭം അലസിയതുമാണെങ്കിൽ അതായിരിക്കണം വാർത്ത. ഭർത്താവിന്റെ ക്രൂര മർദ്ദനത്തെത്തുടർന്ന് ഭാര്യയുടെ ഗർഭം അലസി. അവിടെ യാഥാർഥ വസ്തുത പ്രാഥമികമായി കൈമാറ്റം ചെയ്യപ്പെടുന്നു.
തീർച്ചയായും വാർത്താമാധ്യമങ്ങൾക്ക് അടുത്ത പടികൂടി കടന്നുചെന്ന് റിപ്പോർട്ട് ചെയ്യാൻ ബാധ്യതയുണ്ട്. ഗർഭിണിയായ ഭാര്യയെ ഇവ്വിധം മർദ്ദിക്കാനുണ്ടായ സാഹചര്യം അന്വേഷിക്കുമ്പോഴാണ് അതു സംബന്ധിച്ച വിശദാംശങ്ങൾ ലഭിക്കുകയുള്ളു. കേരളത്തെ ഒരു വലിയ വീടായി കാണുകയാണെങ്കിൽ ആ ഭാര്യയും ഭർത്താവും നമ്മുടെ കുടുംബാംഗങ്ങളാണ്. കുടുംബാംഗങ്ങൾക്കിടയിലുണ്ടായ പ്രശ്നത്തെ സമീപിക്കുന്ന മാനുഷിക പരിഗണനയോടെ വേണം അവിടെ സമീപനമെടുക്കാൻ. അവരെ ഇത്തരം അസുഖകരമായ ദാമ്പത്യത്തിലേക്ക് നയിച്ച ഘടകങ്ങൾ, ആ ഘടകങ്ങളുടെ സാന്നിദ്ധ്യത്തിനോ ആവിർഭാവത്തിനോ ഉള്ള കാരണങ്ങൾ ഇവയെല്ലാം മാധ്യമപ്രവര്‍ത്തകരുടെ സമീപനത്തിന് അടിസ്ഥാനമാകേണ്ടതുണ്ട്. ഗർഭിണിയായ ഭാര്യയെ വയറ്റത്തു ചവിട്ടിയ ഭർത്താവ് തീർച്ചയായും ശിക്ഷ അർഹിക്കുന്നുണ്ട്. അത് അതിന്റെ വഴിക്ക് നടക്കട്ടെ. അയാൾക്ക് പരിവർത്തനം ആവശ്യമാണ്. ആ ഭാര്യയ്ക്കും അത്തരത്തിലൊരു പരിവർത്തനം വേണ്ടിവന്നേക്കാം. ഒപ്പമ, ആ സ്ത്രീയുടെ ജീവിതം എങ്ങനെ മുന്നോട്ടു നീങ്ങുന്നു, ഭർത്താവ് ജയിലിലടയ്ക്കപ്പെട്ടതിനു ശേഷം ആ സ്ത്രീ എവിടെ എങ്ങനെ ജീവിക്കും തുടങ്ങിയ കാര്യങ്ങൾ കൂടി അന്വേഷിക്കുകയും ഈ ഭാര്യയും ഭർത്താവും സമൂഹത്തിന്റെ സൃഷ്ടി കൂടിയാണെന്ന ബോധം ഉണ്ടാവുകയും ചെയ്യുമ്പോൾ മാത്രമേ അത് മാധ്യമപ്രവർത്തനമാവുകയുള്ളു.
ഭാര്യയെ വയറ്റത്തു ചവിട്ടി ഗർഭം അലസിപ്പിച്ചവനെ ഇന്നത്തെ കേരളത്തിലെ കവലയിലൂടെ പോലീസിനു കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്. കാരണം കവലയിലെ ജനം കൈകാര്യം ചെയ്യും. ആ കൈകാര്യം ചെയ്യുന്ന ജനത്തിന്റെ ജനക്കൂട്ട വൈകാരികതയ്ക്ക് മാധ്യമപ്രവർത്തകരും മാധ്യമങ്ങളും അടിപ്പെടുന്നതു കൊണ്ടാണ് ഗർഭം അലസിപ്പിക്കാൻ ഭർത്താവ് ഭാര്യയുടെ വയറ്റിൽ ചവിട്ടിയെന്ന് നിസ്സങ്കോചം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിലൂടെ മാധ്യമങ്ങളും അതിലൂടെ വാർത്ത കാണുകയും കേൾക്കുകയും ചെയ്യുന്നവരറിയാതെ സംഭവിക്കുന്ന ഒരു പ്രതിഭാസമുണ്ട്. തുളളി തുള്ളിയെന്നോണം മാധ്യമത്തിലുള്ള വിശ്വാസ്യത സാധാരണ ജനങ്ങളിൽ കുറഞ്ഞുകൊണ്ടിരിക്കും. കാരണം കേൾക്കുന്നവർക്കുമറിയാം കോപം കൊണ്ടാവും ഭർത്താവ് ഭാര്യയെ ചവിട്ടിയതെന്ന്, എങ്കിലും കേൾക്കുന്നവരിലെ രോഷം ഉണർന്ന് ജ്വലിക്കുന്നതിന് മറിച്ച് കേൾക്കുന്നതാണ് സുഖം പകരുക. ആ സുഖാവസ്ഥയിലുള്ള ഉന്മാദത്തിന്റെ പ്രകാശനമാണ് കവലയിലൂടെ ഈ ഭർത്താവിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയാണെങ്കിൽ ജനം ആക്രമിക്കുന്നത്. അല്ലാതെ നീതിയോടുള്ള കൂറുകൊണ്ടല്ല. ഏററവും വലിയ അനീതിയാണ് പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നവരെ ആക്രമിക്കുന്നത്. ഇത്തരത്തിൽ പ്രേക്ഷകരുടെ അധമവികാരങ്ങളെ സംതൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഏതു വാർത്തയേയും അവതരിപ്പിക്കുന്നത് സാമൂഹികമായും വ്യക്തിപരമായും അപകടങ്ങൾക്ക് കാരണമാകും. കാരണം അധമവികാരങ്ങൾ എപ്പോഴും ഉണർത്തപ്പെട്ടു കൊണ്ടിരിക്കും. അത് അക്രമോത്സുകതയെ വളർത്തും. തെരുവ് സംസ്‌കാരത്തെ വിപരീതാത്മകമായി ഉപയോഗിക്കുന്നതും അതുകൊണ്ടാണ്. അവിടെ യുക്തിക്കും ബുദ്ധിക്കും സ്ഥാനമില്ല. അതുള്ളവർക്കുപോലും അത് അത്തരം സന്ദർഭങ്ങളിൽ നഷ്ടമാകും. മാധ്യമപ്രവർത്തനം അതിൽ നിന്നകന്നുകൊണ്ടുള്ള എന്നാൽ തെരുവിന്റെ മധ്യത്തിൽ നിന്നുകൊണ്ടുളള പ്രവർത്തനമാണ്.