Skip to main content

gulazar

 

2013-ലെ ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ഗാനരചയിതാവും സംവിധായകനുമായ ഗുല്‍സാറിന്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഈ പരമോന്നത ബഹുമതി ലഭിക്കുന്ന 45-ാമത് വ്യക്തിയാണ് ബോളിവുഡിന്റെ ഈ ബഹുമുഖ പ്രതിഭ.

 

1934-ല്‍ വിഭജന പൂര്‍വ പഞ്ചാബില്‍ ജനിച്ച സംപൂര്‍ണ്ണന്‍ സിങ്ങ് കല്‍റയാണ് പിന്നീട് ഗുല്‍സാര്‍ എന്ന തൂലികാ നാമത്തില്‍ കവിതകള്‍ എഴുതി സര്‍ഗ്ഗജീവിതം ആരംഭിച്ചത്. ഗാനരചയിതാവ് എന്ന നിലയില്‍ 1956-ല്‍ പുറത്തിറങ്ങിയ ബിമല്‍ റോയ് സംവിധാനം ചെയ്ത ബന്ധിനി വഴിത്തിരിവായി. തുടര്‍ന്നുള്ള പതിറ്റാണ്ടുകളില്‍ ഓരോ കാലഘട്ടത്തിലേയും പ്രമുഖ സംഗീത സംവിധായകരായ എസ്.ഡി ബര്‍മന്‍, സലില്‍ ചൗധരി, ശങ്കര്‍-ജയ്‌കിഷന്‍, ഹേമന്ത് കുമാര്‍, ലക്ഷ്മികാന്ത്-പ്യാരേലാല്‍, മദന്‍ മോഹന്‍, രാജേഷ് റോഷന്‍, അനു മാലിക്, ശങ്കര്‍-എഹ്സാന്‍-ലോയ് എന്നിവര്‍ക്കൊപ്പമെല്ലാം വിജയകരമായ കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ ഗുല്‍സാറിന് കഴിഞ്ഞു. അതേസമയം, ആര്‍.ഡി ബര്‍മന്‍, എ.ആര്‍ റഹ്മാന്‍, വിശാല്‍ ഭരദ്വാജ് എന്നിവര്‍ക്കൊപ്പമുള്ള ഗുല്‍സാറിന്റെ കൂട്ടുകെട്ട് അനുവാചക ഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയവയാണ്.

 

മേരെ അപ്നെ, കൊശിഷ്, ആന്ധി, കിനാര, ഖുശ്ബൂ, അങ്കൂര്‍, ലിബാസ്, മീര, ലേകിന്‍, മാച്ചിസ് എന്നിവയാണ് ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഒട്ടനവധി ചിത്രങ്ങളുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയും ഗുല്‍സാര്‍ ശ്രദ്ധ നേടി. ടെലിവിഷന്‍ മേഖലയിലും നിര്‍ണ്ണായക സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. മിര്‍സ ഗാലിബ്, തഹരീര്‍ മുന്‍ഷി പ്രേംചന്ദ് കി എന്നീ പരമ്പരകളാണ് ഇവയില്‍ പ്രധാനം. പ്രശസ്തമായ ജംഗിള്‍ ബുക്ക് പരമ്പരയുടെ ഗാനരചന നിര്‍വഹിച്ചതും ഗുല്‍സാറാണ്.  

 

2004-ല്‍ രാഷ്ട്രം ഗുല്‍സാറിനെ പദ്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു. 2002-ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച അദ്ദേഹത്തിന് പലതവണ ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സ്ലംഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിലെ ജയ് ഹോ എന്ന ഗാനത്തിന് 2009-ല്‍ എ.ആര്‍ റഹ്മാനോപ്പം ഓസ്കാര്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്.  

 

ഗുല്‍സാറിന്റെ മൂന്ന്‍ കവിതാസമാഹാരങ്ങളും രണ്ട് കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.