Skip to main content

തിരുപ്പൂര്‍: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ എട്ടുവയസ്സുകാരിയായ മലയാളി പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്തു. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇതിനകം രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയ പെണ്‍കുട്ടി ഗുരുതര നിലയില്‍ തുടരുകയാണ്.

 

തിരുപ്പൂരിലെ വസ്ത്രനിര്‍മാണസ്ഥാപനത്തില്‍ തൊഴിലാളിയായ എറണാകുളം സ്വദേശിനിയുടെ മകളാണ് ഒരാഴ്ച മുന്‍പ് പീഡനത്തിന് ഇരയായത്. അയല്‍വാസികളടക്കമുള്ള യുവാക്കള്‍ അമ്മ ജോലിക്കുപോയ സമയം വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

 

പരാതിയില്‍ തിരുപ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യം വിസമ്മതിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. തമിഴ്‌നാട്ടിലെ മലയാളി സംഘടനകള്‍ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. പൊലീസിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഇവരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.

 

പെണ്‍കുട്ടിക്ക് ചികിത്സാ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ഇതുസംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.