മൃഗങ്ങൾ ബലാൽസംഗം ചെയ്യാറില്ല. അവർ ഇണചേരാറേ ഉള്ളു. മനുഷ്യനും ആ പ്രക്രിയ ചെയ്യുന്നു. എന്നാൽ മൃഗങ്ങളെപ്പോലയല്ല മനുഷ്യൻ ആ പ്രക്രിയയിൽ ഏർപ്പെടുന്നത്. മനുഷ്യനിലെ മൃഗവാസനയുമല്ല അതിനെ പ്രേരിപ്പിക്കുന്നത്. മനുഷ്യനെ മൃഗത്തിൽ നിന്നും വേർതിരിക്കുന്ന തിരിച്ചറിവിന് സഹായിക്കുന്ന ബുദ്ധിയുടെ മാധ്യസ്ഥം അതിലുണ്ട്. പ്രതീകാത്മകമായി ലോകത്തെ കാണാൻ മനുഷ്യന് മാത്രമേ ശേഷിയുള്ളു എന്നതാണ് തിരിച്ചറിവിന്റെ ഒരു ഘടകം. ഈ പ്രതീകാത്മകത കൊണ്ടാണ് മനുഷ്യന് മാത്രം സൗന്ദര്യം ആസ്വദിക്കാൻ പറ്റുന്നത്. ഇണയെ ആകർഷിക്കാൻ വേണ്ടി പക്ഷികൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളും പൂക്കൾ പരത്തുന്ന നിറവും ഭംഗിയും മണവുമെല്ലാം മനുഷ്യന് ആസ്വദിക്കാൻ കഴിയുന്നതും അതുകൊണ്ടാണ്. സൗന്ദര്യം ഉള്ളിൽ നിറയുന്നതിനനുസരിച്ച് മനുഷ്യൻ കൂടുതൽ നവീകരിക്കപ്പെടുന്നു. സൗന്ദര്യം അറിയാത്ത, അറിയാൻ കഴിയാത്ത, അറിയാൻ ശേഷിയില്ലാത്ത മനുഷ്യൻ ബലാൽസംഗം ചെയ്യുന്നു. അവന്റെ അവസ്ഥ ഭീകരമാണ്. മനുഷ്യനാണെന്നുള്ള ധാരണയിൽ മൃഗത്തെപ്പോലെ ജീവിക്കുക. ഒരു മൃഗം മനുഷ്യ മസ്തിഷ്കവുമായി ജീവിക്കേണ്ടി വരുന്ന അതേ ഭ്രമാത്മകതയിൽ. ഒരു സ്ത്രീയുടെ സാമീപ്യത്തിൽ അവളുടെ സൗന്ദര്യം ഒരു വ്യക്തിയിൽ കവിത സൃഷ്ടിക്കുമെങ്കിൽ മറ്റൊരാളെ ആ സ്ത്രീയെ കയറിപ്പിടിക്കാനും ബലാൽസംഗം ചെയ്യാനും പ്രേരിപ്പിക്കുന്നത് മനുഷ്യന്റെ ഈ വൈവിധ്യ അവസ്ഥയുടെ ഫലമാണ്. പ്രതീകാത്മകമായി മനുഷ്യന് കാണാനുള്ള കഴിവിന്റെ പേരിൽ വസ്ത്രം ഉടുത്തതുകൊണ്ട് മാത്രം ഒരു വ്യക്തിയുടെ നഗ്നത മറയുന്നില്ല. കാണുന്ന വ്യക്തിയുടെ അറിവിൽ ആ വ്യക്തിയുടെ നഗ്നത ഒരു ചെറുമറവിൽ മറഞ്ഞിരിക്കുന്നു എന്നു മാത്രം. മനുഷ്യന്റെ ഈ ഭാവനാസവിശേഷതയാണ് വർത്തമാനകാലത്തെ ഫാഷൻ നിശ്ചയിക്കപ്പെടുന്നതിന്റെ ആധാരമായി പ്രവർത്തിക്കുന്നത്.
ഇന്ന് വസ്ത്രങ്ങൾക്ക് ഫാഷൻ വിന്യാസം നൽകുമ്പോൾ കൊടുക്കുന്ന ഊന്നൽ എന്തിനെയാണോ മറയ്ക്കാൻ ശ്രമിക്കുന്നത് അതിന്റെ ഉദ്ധൃതമായ അവസ്ഥയെ കാണിയിൽ ജനിപ്പിക്കുക എന്നതാണ്. കാണുന്നവരിൽ ആഗ്രഹം ജനിപ്പിക്കുക. ആ ആഗ്രഹം ജനിപ്പിക്കലിലൂടെ ശ്രദ്ധയാകർഷിക്കുക. സ്വയം ശ്രദ്ധിപ്പെടുന്നതിലൂടെ നിർവൃതിയടയാമെന്ന ചിന്തയ്ക്ക് സാക്ഷാത്കാരം നൽകുക. പ്രതീകാത്മകതയുടെ വഴിയിലൂടെയല്ലാതെ, നേരിട്ട് രഹസ്യമറിയാനുള്ള മനുഷ്യന്റെ സർഗ്ഗവാസനയ്ക്ക് ഇടം കൊടുക്കാതെ, മറയ്ക്കാനുപയോഗിക്കുന്ന വസ്ത്രത്തെ ഉപയോഗിച്ച് പെരുപ്പിച്ച് പ്രകടിപ്പിക്കുമ്പോൾ, ആ നേർക്കാഴ്ചയിൽ പ്രതീകാത്മകതയ്ക്ക് സ്ഥാനമില്ല. നേർക്കാഴ്ച മാത്രമുള്ളത് മൃഗങ്ങൾക്കാണ്. സൗന്ദര്യവും സൗന്ദര്യാസ്വാദനവും കുറയുന്ന സമൂഹത്തിൽ നേർക്കാഴ്ച മാത്രമുള്ള മൃഗങ്ങളെപ്പോലെ മനുഷ്യൻ പ്രവർത്തിക്കും. അത് തികച്ചും സ്വാഭാവികം മാത്രം. ആ അറിവിൽ നിന്നാണ് മനുഷ്യന്റെ ഓരോ വാക്കും പ്രവൃത്തിയും ചലനങ്ങളുമെല്ലാം സൗന്ദര്യാത്മകമാകണമെന്ന് പറയുന്നത്. ഏവരും എപ്പോഴും അതിനുവേണ്ടി ശ്രമിച്ചുകൊണ്ടുമിരിക്കുന്നു. പക്ഷേ, സൗന്ദര്യത്തെ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കപ്പെടാനുള്ളതാണെന്ന ബോധത്തിൽ ലക്ഷ്യത്തെ എത്രയും പെട്ടന്ന് ലഭ്യമാക്കാം എന്ന ചിന്തയിലാണ് വർത്തമാനകാല ഫാഷൻ അകപ്പെട്ടിരിക്കുന്നത്. സൗന്ദര്യം ലക്ഷ്യമാകുമ്പോൾ അവിടെ അലച്ചിൽ അവസാനിക്കുന്നു. പ്രകടനാത്മകതകൾ ഇല്ലാതാകുന്നു. ആസ്വാദനം മാത്രം. ഒന്നും അവിടെ ശ്ലീലവുമല്ല, അശ്ലീലവുമല്ല. ഈ അവസ്ഥയിലേക്ക് ശരാശരി മനുഷ്യന് എത്തിപ്പെടുക എളുപ്പമല്ലാത്തതിനാലാണ് ചില ചിട്ടവട്ടങ്ങളൊക്കെ എല്ലാ സമൂഹത്തിലും ഉരുത്തിരിഞ്ഞുണ്ടായിട്ടുള്ളത്.
ഉത്തർ പ്രദേശില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ബലാൽസംഗങ്ങളിൽ പ്രതിഷേധിക്കാൻ ജൂൺ നാല് ബുധനാഴ്ച കൊച്ചിയിൽ ഹൈക്കോടതിക്കു സമീപം യുവതികൾ നഗ്നത പ്രദർശിപ്പിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. യു.പിയിൽ ബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടികളും അവരെ ബലാൽസംഗം ചെയ്ത് കൊല്ലുന്ന പുരുഷന്മാരും നമ്മുടെ സഹോദരങ്ങൾ തന്നെ. അതുപോലെ കൊച്ചിൽ നഗ്നത കാട്ടി പ്രതിഷേധിച്ച യുവതികളും നമ്മുടെ സഹോദരിമാർ തന്നെ. അവരും പ്രതിഷേധത്തിന് പ്രതീകാത്മകതയുടെ വഴിയാണ് വിനിയോഗിച്ചത്. എല്ലാവരും തങ്ങളെപ്പോലെ മനുഷ്യരാണെന്നും മനുഷ്യന് പ്രതീകാത്മക ദൃഷ്ടിശേഷി ഉണ്ട് എന്നുമുള്ള ഉറച്ച ധാരണയിൽ നിന്നാണ് അവർ ആ പ്രതിഷേധ നടപടി സ്വീകരിച്ചത്. പുതച്ചുകൊണ്ട് നിൽക്കുന്ന യുവതികളുടെ ചിത്രമാണ് പത്രങ്ങളിൽ കണ്ടത്. യഥാർഥത്തിൽ ആ ചിത്രങ്ങളിൽ വനിതാപ്പോലീസിനേക്കാൾ ശരീരം മൂടപ്പെട്ട അവസ്ഥയിലായാണ് നഗ്നത പ്രദർശിപ്പിച്ച സ്ത്രീകൾ കാണപ്പെട്ടത്. എങ്കിലും വായനക്കാർ കണ്ടത് അവരുടെ നഗ്നതയാണ്. കാരണം മനുഷ്യന്റെ അടിസ്ഥാന കാഴ്ച നേർക്കാഴ്ചയല്ലാത്തതിനാൽ. കൈയ്യില്ലാത്ത ബനിയനും മുട്ടോളമുള്ള പാവാടയുമായി പ്രതിഷേധിച്ചു തുടങ്ങിയ സ്ത്രീ കൂട്ടായ്മാ പ്രവർത്തകരുടെ ചുറ്റും ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നിരുന്നവർ കൂടി. വാഹന ഗതാഗതം തടസ്സപ്പെട്ടു. ഏവരും എത്തിനോക്കി. യാത്രക്കാർ പ്രതിഷേധക്കാരുടെ നഗ്നത കണ്ട് ചെറുപുഞ്ചിരിയും പാസ്സാക്കി കടന്നുപോയെന്ന് മാതൃഭൂമി പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നു.
കോപം നിറഞ്ഞിരിക്കുന്ന മനസ്സിൽ സൗന്ദര്യത്തിന് ഇടമില്ല. സൗന്ദര്യത്തിന്റെ മറ്റൊരു പേരാണ് സ്നേഹം. ഫാഷന്റെ പേരിൽ പരോക്ഷതയോടെ ശരീരപ്രദർശനം നടത്തി ശ്രദ്ധയാകർഷിക്കാൻ പ്രേരകമാകുന്ന അതേ മാനസികാവസ്ഥ തന്നെയാണ് സ്ത്രീ കൂട്ടായ്മയിലെ ഈ യുവതികളേയും നഗ്നതാ പ്രദർശനത്തിന് പ്രേരിപ്പിച്ചത്. യു.പിയിലെ ബലാൽസംഗത്തിന്റെ പേരിൽ നഗ്നത പ്രദർശിപ്പിച്ചുകൊണ്ട് കൊച്ചിയിൽ നടത്തിയ പ്രതിഷേധം കേരളത്തിലും യു.പിയിലെ പോലുള്ള സംഭവങ്ങൾ വർധിക്കാൻ കാരണമാകുമെന്നുള്ളതിൽ സംശയമില്ല. പ്രതിഷേധക്കാരെ ആഞ്ഞും വലിഞ്ഞും വഴിയാത്രക്കാർ എത്തിനോക്കി ചെറുപുഞ്ചിരിയോടെ പോയത് യു.പിയിലെ ബലാൽസംഗ സംഭവങ്ങളിലുള്ള തങ്ങളുടെ പ്രതിഷേധം കൊണ്ടോ അതിന്റെ ഭീകരത മനസ്സിലാക്കിക്കൊണ്ടോ അല്ല. ഇത്തരം സമരപരിപാടികളുടെ വികാസം ലളിതമായി ആലോചിച്ചാൽ മനസ്സിലാകും. ഇതിൽ കൂടുതൽ പ്രതിഷേധമറിയിക്കാൻ യുവതികൾ ആഗ്രഹിക്കുന്ന പക്ഷം അടുത്ത ഘട്ടത്തിൽ ഹൈക്കോടതി ജംഗ്ഷനിൽ കാണുക പൂർണ്ണമായും നഗ്നത പ്രദർശിപ്പിക്കലായിരിക്കും. അതിനേക്കാൾ വലിയ സംഭവമുണ്ടാകുമ്പോൾ ശക്തമായ പ്രതിഷേധത്തിന് ഹൈക്കോടതി ജംഗ്ഷനിൽ പരസ്യമായി ഇണചേർന്നുകൊണ്ട് പ്രതിഷേധിക്കേണ്ടിവരും. അപ്പോഴും യാത്രക്കാർ പുഞ്ചിരിയോടെയും അല്ലാതെയും നോക്കിനിന്നെന്നിരിക്കും. പരസ്യമായ ഇണചേരൽ ചില മൃഗങ്ങളുടെ ശീലമാണ്. മൃഗങ്ങളിൽ പോലും എല്ലാത്തിനുമതില്ല.
പുരുഷന്റെ വൈകൃതങ്ങളാൽ അക്രമങ്ങൾ കൊണ്ടും മറ്റും ജീർണ്ണിച്ചിരിക്കുന്ന വർത്തമാന കാലത്തിൽ സ്ത്രീയും തങ്ങളുടെ ശക്തിയായി പുരുഷന്റെ വൈകൃതങ്ങളെ തേടുന്നത് സ്ത്രീ സ്ത്രീകളോടും സമൂഹത്തോടും ചെയ്യുന്ന പാതകമാണ്. നേർക്കാഴ്ചയിലൂടെ ലോകത്തെ സമീപിക്കുന്ന പാശ്ചാത്യസമീപനങ്ങളെ അതേപടി പിന്തുടർന്നുകൊണ്ട് എൻ.ജി.ഒകളും സ്ത്രീ സംഘടനകളും നടത്തുന്ന പ്രവൃത്തികൾ പലപ്പോഴും അവർ ഉദ്ദേശിക്കുന്നതിന്റെ നേർവിപരീത ദിശയിലേക്ക് കാര്യങ്ങളെ കൊണ്ടുപോകുന്നത് അവർ പോലുമറിയുന്നില്ല. പ്രത്യക്ഷത്തിൽ അഥവാ നേർക്കാഴ്ചയിൽ അത് അവർക്കും മറ്റുള്ളവർക്കും ശരിയാണെന്നു തോന്നുകയും ചെയ്യും. ഹൈക്കോടതിക്കു സമീപം നഗ്നത കാട്ടി പ്രതിഷേധിച്ച യുവതികളെ നേരിട്ടുകണ്ടവരിലും ചിത്രത്തിലൂടെ കണ്ടവരിലും എത്ര പേരിൽ യു.പിയിലെ ദാരുണ സംഭവങ്ങളുടെ തീവ്രത ഉണർന്നിട്ടുണ്ടെന്ന് ആത്മപരിശോധന നടത്താവുന്നതേ ഉള്ളു. ഇവിടെ നഗ്നത കാട്ടിയ യുവതികളും അവർക്ക് നേതൃത്വം നൽകിയവരും മനുഷ്യന്റെ പരിമിതത്വ ബോധത്തിന് അടിമപ്പെട്ട വീക്ഷണത്തിൽ നിന്നുണ്ടായ ഗതികേടിന്റെ വിങ്ങൽ അനുഭവിക്കുന്നവരാണ്. അവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നത് ഉചിതമല്ല. ശ്രദ്ധ പിടിച്ചുപറ്റാൻ ശരീരപ്രദർശനം നടത്തുന്ന മാനസികാവസ്ഥയിൽ തന്നെയാണ് അവരും പ്രവർത്തിച്ചത്. പുരുഷനും സ്ത്രീയും പരസ്പരം പേടിച്ചും പേടിപ്പിച്ചും കഴിയേണ്ടവരല്ല. സൗന്ദര്യം നഷ്ടപ്പെടുമ്പോഴാണ് അത് സംഭവിക്കുന്നത്. കേരളത്തിൽ ആ സൗന്ദര്യാത്മകതയുടെ അഭാവം വളരെ പ്രകടമായ രീതിയിലും ഭീതിദമായ രീതിയിലും കണ്ടുതുടങ്ങിയിട്ട് നാൾ ഏറെയായി. അത് അതിന്റെ മൂർധന്യാവസ്ഥയിലേക്കു നീങ്ങുന്നതിന്റെ മുന്നറിയിപ്പാണ് നഗ്നതാപ്രദർശന പ്രതിഷേധം. ഒപ്പം യു.പിയിലുണ്ടായിക്കൊണ്ടിരിക്കുന്ന ദയനീയ സംഭവങ്ങളിൽ നിന്ന് ദേശീയ ശ്രദ്ധ പോലും തിരിക്കാനുള്ള സംഭവുമായി. ഇത്തരം പ്രതിഷേധങ്ങൾ നിരുത്തരവാദിത്വപരവുമാണ്. ഇത് പ്രതിഷേധക്കാരും കാണികളും തിരിച്ചറിയേണ്ടത് ആവശ്യമാണ്. ഒപ്പം നഗ്നത പ്രദർശിപ്പിച്ച യുവതികളെ പരിഭവമില്ലാതെ നോക്കാം. കാരണം അവർ ശ്രദ്ധ കിട്ടാത്തവരാണ്. ശ്രദ്ധ കിട്ടാത്തവരെ കുറ്റപ്പെടുത്തുകയോ മുറിവേൽപ്പിക്കുകയോ അല്ല വേണ്ടത്. അവരെ ശ്രദ്ധിക്കുകയാണ്. അല്ലാത്ത പക്ഷം അവർ ഒരുക്കിയ കെണിയിൽ മറ്റുള്ളവർ വീഴുന്ന അവസ്ഥയായിരിക്കും.