ന്യൂഡല്‍ഹി: ആരോപണ വിധേയരായ കേന്ദ്രമന്ത്രിമാര്‍ അശ്വിനി കുമാറും പവന് കുമാര്‍ ബന്‍സലും രാജിവച്ചു. വെള്ളിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിയാണ് ഇരുവരും രാജി സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും പ്രധാനമന്ത്രി മന്മോഹന് സിങ്ങും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് മന്ത്രിമാരുടെ രാജി ആവശ്യപ്പെടാന്‍ തീരുമാനമായത്.
റെയില്‍വേ ബോര്‍ഡ് അംഗത്തില്‍ നിന്ന് ഉന്നതചുമതല വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയ കേസില്‍ റെയില്‍വേ മന്ത്രി പവന് കുമാര്‍ ബന്‍സലിന്റെ മരുമകന് വിജയ് സിംഗ്ലയെ സി.ബി.ഐ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രതികളുടെ ടെലിഫോണ്‍ സംഭാഷണങ്ങളുടെ വെളിച്ചത്തില്‍ ബന്‍സലിനെ ഏജന്‍സി ചോദ്യം ചെയ്തേക്കും എന്നായതോടെയാണ് അദ്ദേഹത്തിന്റെ നില പരുങ്ങലില്‍ ആയത്.
കല്‍ക്കരിപ്പാടം ക്രമക്കേട് അന്വേഷിക്കുന്ന സി.ബി.ഐ സുപ്രീം കോടതിയില്‍ നല്‍കാനായി തയ്യാറാക്കിയ റിപ്പോര്‍ട്ട് പരിശോധിച്ച കാര്യം പുറത്തായതാണ് നിയമ മന്ത്രി അശ്വനി കുമാറിന്റെ രാജിയിലേക്ക് നയിച്ചത്. ഇതുസംബന്ധിച്ച് സി.ബി.ഐ ഡയറക്ടര്‍ കോടതിയില്‍ നല്കിയ സത്യവാങ്മൂലം പരിശോധിച്ച ബഞ്ച് മന്ത്രിയും മറ്റും നല്കിയ നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ കാതലായ മാറ്റം വരുത്തുന്നതാണെന്ന് നിരീക്ഷിച്ചിരുന്നു.