Skip to main content

bjp flags

 

ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി മുന്നില്‍ ഞായറാഴ്ച വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഫലസൂചനകള്‍ അനുസരിച്ച് ഹരിയാനയില്‍ ബി.ജെ.പി കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറുമെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ ലഭിച്ചേക്കില്ല. രണ്ടിടത്തേയും നേട്ടങ്ങള്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമാണ്.   

 

90 അംഗ ഹരിയാന നിയമസഭയിലെ 45-ന് മുകളില്‍ സീറ്റുകളില്‍ ബി.ജെ.പി മുന്നില്‍ നില്‍ക്കുകയാണ്. 1966-ല്‍ സംസ്ഥാനം രൂപീകരിച്ചതിന് ശേഷം ആദ്യമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരമാണ് പാര്‍ട്ടിയ്ക്ക് ലഭിച്ചിരിക്കുന്നത്. 2009-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിയ്ക്ക് ലഭിച്ചിരുന്നത്. യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ഇന്ത്യന്‍ നാഷണല്‍ ലോക്ദളും കോണ്‍ഗ്രസും മുന്നില്‍ നില്‍ക്കുന്ന സീറ്റുകളുടെ ഇരട്ടിയോളമാണ് ബി.ജെ.പിയ്ക്ക് ലഭിച്ചിരിക്കുന്നത്.  

 

മഹാരാഷ്ട്രയിലെ 288 സീറ്റുകളില്‍ നൂറിലധികം സീറ്റുകളില്‍ ബി.ജെ.പി മുന്നിലാണ്. ഹരിയാനയിലേത് പോലെ ഇവിടെയും അടുത്ത സ്ഥാനങ്ങളിലുള്ള ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി എന്നീ പാര്‍ട്ടികളെക്കളും ഇരട്ടി സീറ്റുകള്‍ ബി.ജെ.പിയ്ക്ക് ലഭിച്ചിട്ടുണ്ട്.

 

എന്നാല്‍, ശിവസേനയുമായുണ്ടായിരുന്ന 25 വര്‍ഷത്തെ സഖ്യം വേര്‍പിരിഞ്ഞ ബി.ജെ.പിയ്ക്ക് കേവല ഭൂരിപക്ഷത്തിനാവശ്യമായ 144 സീറ്റുകള്‍ ലഭിക്കാന്‍ സാധ്യത കുറവാണ്. സഖ്യസാധ്യത തേടുമെന്ന് ബി.ജെ.പിയും തീരുമാനം പിന്നീട് പ്രഖ്യാപിക്കുമെന്ന് ശിവസേനയും പ്രതികരിച്ചിട്ടുണ്ട്. അതേസമയം, നേരത്തെ സഖ്യത്തില്‍ രണ്ടാം സ്ഥാനത്തായിരുന്ന അവസ്ഥ മാറ്റാന്‍ കഴിഞ്ഞു എന്നത് ബി.ജെ.പിയ്ക്ക് നേട്ടമാണ്.    

 

അഞ്ച് മാസം മുന്‍പ് ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ചരിത്രവിജയത്തിലേക്ക് നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബി.ജെ.പിയുടെ ദേശീയ അദ്ധ്യക്ഷനെന്ന നിലയില്‍ ആദ്യ തെരഞ്ഞെടുപ്പ് നേരിട്ട അമിത് ഷായ്ക്കും ഈ വിജയം നിര്‍ണ്ണായകമാണ്. രണ്ട് സംസ്ഥാനങ്ങളിലും സഖ്യങ്ങള്‍ അവസാനിപ്പിച്ച് ഒറ്റയ്ക്ക് മത്സരിക്കാന്‍ ഉള്ള പാര്‍ട്ടിയുടെ സുപ്രധാന രാഷ്ട്രീയ തീരുമാനത്തിനും തെരഞ്ഞെടുപ്പ് ഫലം സാധൂകരണമായി.

 

ഭൂപീന്ദര്‍ സിങ്ങ് ഹൂഡയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി രണ്ട് വട്ടം ഹരിയാനയിലും എന്‍.സി.പിയ്ക്കൊപ്പം ചേര്‍ന്ന് തുടര്‍ച്ചയായി മൂന്ന്‍ വട്ടം മഹാരാഷ്ട്രയിലും അധികാരത്തില്‍ ഇരുന്ന കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യം വേര്‍പിരിഞ്ഞ് ഒറ്റയ്ക്ക് മത്സരിച്ച എന്‍.സി.പി കോണ്‍ഗ്രസിനെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്തിയേക്കും.