സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം വിഭാഗത്തിനുള്ള അഞ്ച് ശതമാനം സംവരണം മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിച്ചു. നടപടി പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസ്-എന്‍.സി.പി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പുതുക്കാനോ നിയമമാക്കാനോ നിലവിലെ ബി.ജെ.പി ശിവസേന സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സംവരണം ഇല്ലാതായത്.
മുസ്ലിം വിഭാഗക്കാര്‍ക്ക് അഞ്ച് ശതമാനവും മറാത്ത വിഭാഗക്കാര്‍ക്ക് 16 ശതമാനവും സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തി കോണ്‍ഗ്രസ്-എന്‍.സി.പി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന്റെ കാലാവധി ഡിസംബര്‍ 23-ന് തീര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മുസ്ലിം വിഭാഗക്കാര്‍ക്ക് തൊഴില്‍-വിദ്യാഭ്യാസ സംവരണം ഏര്‍പ്പെടുത്തിയ 2014 ജൂലൈയിലെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നതായി ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ പുതിയ ഉത്തരവില്‍ അറിയിച്ചു.
എന്നാല്‍, ഹൈക്കോടതി വിധിയ്ക്ക് വിരുദ്ധമായി മറാത്ത വിഭാഗക്കാര്‍ക്ക് 16 ശതമാനം സംവരണം ഏര്‍പ്പെടുത്തി ബി.ജെ.പി-സേന സര്‍ക്കാര്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ നിയമം പാസാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്-എന്‍.സി.പി സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ മറാത്ത വിഭാഗക്കാര്‍ക്കുള്ള തൊഴില്‍-വിദ്യാഭ്യാസ സംവരണവും മുസ്ലിം വിഭാഗക്കാര്‍ക്കുള്ള തൊഴില്‍ സംവരണവും ബോംബെ ഹൈക്കോടതി ഇടക്കാല വിധിയില്‍ റദ്ദാക്കിയിരുന്നു. അതേസമയം, മുസ്ലിം വിഭാഗക്കാര്‍ക്കുള്ള വിദ്യാഭ്യാസ സംവരണം കോടതി ശരിവെച്ചതാണ്.
ചുരുക്കത്തില്‍, ഹൈക്കോടതി അംഗീകരിച്ച നടപടി പിന്‍വലിക്കുകയും കോടതി റദ്ദാക്കിയ വിഷയത്തില്‍ നിയമം കൊണ്ടുവരികയുമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ മുന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ പരമോന്നത കോടതി തയ്യാറായിരുന്നില്ല. വീണ്ടും ഹൈക്കോടതിയെ തന്നെ സമീപിക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ സര്‍ക്കാറിന്റെ ഇപ്പോഴത്തെ നടപടി നിയമയുദ്ധത്തിനും കാരണമായേക്കും.