ഇന്ന് ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ബിജെപി -എന്‍സിപി കൂടിക്കാഴ്ചകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. മഹാരാഷ്ട്രയില്‍ ബി.ജെ.പിയും സഖ്യകക്ഷിയുമായ ശിവസേനയും തമ്മില്‍ അധികാര തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് 11 ദിവസമായി നീട്ടിവെച്ചിരിക്കുകയായിരുന്നു സര്‍ക്കാര്‍ രൂപീകരണം. സംസ്ഥാനത്തെ നിര്‍ണായക കക്ഷിയായതോടെ മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കണമെന്ന ശിവസേനയുടെ ആവശ്യം ബി.ജെ.പി അംഗീകരിക്കാത്തതാണ് സര്‍ക്കാര്‍ രൂപീകരണം നീളാന്‍ കാരണമായത്. നവംബര്‍ 8നാണ് നിലവിലുള്ള മന്ത്രിസഭയുടെ കാലാവധി അവസാനിക്കുക. അതിന് മുന്‍പായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്ത് ഭരണപ്രതിസന്ധിയുണ്ടാവും.
ബി.ജെ.പി നേതാവും നിലവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നവിസും എന്‍.സി.പി തലവന്‍ ശരദ് പവാറുമാണ് കൂടിക്കാഴ്ച നടത്തുന്നത്. വായുമലിനീകരണം മൂലം ജനജീവിതം ദുസ്സഹമായ ഡല്‍ഹിയില്‍നിന്ന് ജനങ്ങള്‍ മാറിനില്ക്കുമ്പോളാണ് രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനായി മഹാരാഷ്ട്രയിലെ രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ ഡല്‍ഹിയിലേക്ക് എത്തിയിരിക്കുന്നത്.
ദേവേന്ദ്ര ഫഡ്നവിസ്, ബി.ജെ.പി അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുമായി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു. അതേസമയം ശരദ് പവാര്‍ കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചോ ആരും പറയുന്ന ഒന്നിനെക്കുറിച്ചോ അഭിപ്രായം പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല, പുതിയ സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കപ്പെടുമെന്നുള്ള ആത്മവിശ്വാസമുണ്ടെന്നും ദേവേന്ദ്ര ഫഡ്നവിസ് മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന ധാരണ അംഗീകരിക്കുന്നില്ലെങ്കില്‍ ബദല്‍ മാര്‍ഗം തേടുമെന്നാണ് ശിവസേനയുടെ നിലപാട്.അതേസമയം മന്ത്രിസ്ഥാനങ്ങള്‍ തുല്യമായി പങ്കിടാമെന്നും ഉപമുഖ്യമന്ത്രി സ്ഥാനവുമാണ് ശിവസേനയ്ക്ക് മുമ്പില്‍ ബിജെപി വെച്ചിരിക്കുന്നത്.കൂടാതെ ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയുമായി മഹാരാഷ്ട്രയില്‍ വെച്ച് നടത്തുന്ന കൂടിക്കാഴ്ചയും പുതിയ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. വൈകിട്ട് അഞ്ച് മണിക്ക് ഗവര്‍ണറെ സന്ദര്‍ശിക്കുന്ന റാവത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാണ് ആവശ്യപ്പെടുക.
ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുമായുള്ള ഫോട്ടോ റാവത്ത് ട്വീറ്റ് ചെയ്തിരുന്നു. ലക്ഷ്യത്തിലെത്തുന്നതിന് മുന്‍പുള്ള യാത്രകള്‍ ആസ്വാദ്യകരമാണെന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആദ്യം ക്ഷണിക്കണമെന്നും അവര്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ പുറത്തുപോകുമ്പോള്‍ അവകാശവാദം ഉന്നയിക്കുകയെന്നതാണ് ശിവസേനയുടെ തന്ത്രം. ഗവര്‍ണര്‍ ആദ്യം ക്ഷണിക്കുന്നത് ബിജെപിയെ ആണെന്ന് മുന്‍കൂട്ടി കണ്ടാണ് ശിവസേനയുടെ ഈ നീക്കം.
ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ നിയമസഭയിലെ 288 സീറ്റില്‍ ബി.ജെ.പിയ്ക്ക് 105 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ശിവസേനയ്ക്ക് 56 സീറ്റുകള്‍ ലഭിച്ചു. പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസിന് 44 സീറ്റും എന്‍.സി.പിക്ക് 54 സീറ്റുകളുമാണുള്ളത്. കേവല ഭൂരിപക്ഷം നേടാന്‍ ബി.ജെ.പിയ്ക്ക് ശിവസേനയുടെ പിന്തുണ ആവശ്യമാണ്.