Skip to main content

Maharashtra politics

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി പരിഗണിക്കുന്നു. ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയുമാണ് ഹരജി സമര്‍പ്പിച്ചത്.

ജസ്റ്റിസുമാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് വന്ന ഹരജികള്‍ പരിഗണിച്ച ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് അശോക് ഭൂഷണ്‍. 

ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുക, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യത്തെ ക്ഷണിക്കുക, 24 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കുക എന്നതാണ് റിട്ട് ഹരജിയിലെ ആവശ്യം.എല്ലാ ഭരണഘടന തത്വങ്ങളും ലംഘിച്ചാണു കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി അനുവദിച്ചതെന്നാണു ഹര്‍ജിയിലെ പ്രധാന ആരോപണം. ഗവര്‍ണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. അതിനിടെ ബിജെപി എംപി സഞ്ജയ് കാക്കറെ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി.